ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മനീഷ് സിസോദിയ. അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിസോദിയ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് അടിയന്തിരമായി പരിഗണിക്കും എന്നാണ് റിപ്പോർട്ടുകൾ.
കേസിൽ ഇന്നലെ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങൾ നൽകികൊണ്ട് ആയിരുന്നു കസ്റ്റഡിയിലെടുക്കാൻ സിബിഐയ്ക്ക് അനുമതി നൽകിയത്. സിസിടിവി ക്യാമറകൾ കൊണ്ട് സജ്ജമാക്കിയ മുറിയിൽ വേണം ചോദ്യം ചെയ്യൽ. ഇതിന്റെ ദൃശ്യങ്ങൾ സിബിഐ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. മാർച്ച് നാല് വരെയാണ് മനീഷ് സിസോദിയയെ കസ്റ്റഡിയിൽ വിട്ടത്. ഞായറാഴ്ച രാത്രിയാണ് മദ്യനയ അഴിമതി കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
സർക്കാരിന് കീഴിലെ മദ്യവിൽപ്പന സ്വകാര്യ ഏജൻസിയ്ക്ക് കീഴിലാക്കികൊണ്ടായിരുന്നു ആംആദ്മി സർക്കാരിന്റെ പുതിയ മദ്യ നയം. ഇതുവഴി 144 കോടി രൂപയാണ് സർക്കാരിന് ഉണ്ടായത്. വൻ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് മദ്യനയം പിന്നീട് പിൻവലിച്ചിരുന്നു.
Discussion about this post