ശ്രീനഗർ: പിന്നാക്ക സമൂദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി കോടതി തള്ളിയതിന് പിന്നാലെ ബിജെപിയെ വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. പ്രതിപക്ഷത്തെ എങ്ങനെയെങ്കിലും തകർക്കുകയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് മുഫ്തി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ദിനം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും മെഹബൂബ ആരോപിച്ചു.
രാജ്യത്തിന്റെയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ചരിത്രത്തിൽ രാഹുലിന്റെ ഹർജി തള്ളിയ ദിനം കറുത്ത ദിനമാണ്. രാഹുലിനെതിരെ നടക്കുന്ന നീക്കങ്ങൾ വ്യക്തമാക്കുന്നത് ബിജെപിയ്ക്ക് ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കണം എന്ന വസ്തുതയാണ്. ബിജെപിയ്ക്ക് ആവശ്യം അവർ മാത്രം ഭരിക്കുന്ന രാജ്യമാണ്. ബിജെപി രാഷ്ട്രം. ഇതിനായി ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ ഒരു ബനാന റിപ്പബ്ലിക് ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും മെഹബൂബ പറഞ്ഞു.
അധികം വൈകാതെ ബിജെപി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഇഡി, എൻഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെക്കൊണ്ട് പീഡിപ്പിക്കും. നിയമ വ്യവസ്ഥയാണ് ജനങ്ങൾക്ക് ആകെയുള്ള ആശ്രയം. എന്നാൽ ഇതിന്റെ രീതികളും ഇപ്പോൾ മാറിയിരിക്കുന്നും. കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിനെതിരെ ഹർജി നൽകിയവരുടെ കാര്യം തന്നെയെടുക്കാം. ഈ ഹർജികളിൽ വാദം കേൾക്കാനോ തീർപ്പ് ഉണ്ടാക്കാനോ ഇതുവരെ കോടതിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും മെഹബൂബ ആരോപിച്ചു.
ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർദ്ധിച്ചു. ഇതിൽ ബിജെപിയ്ക്ക് ഭയമുണ്ട്. ഇതാണ് അദ്ദേഹത്തെ വേട്ടയാടാനുള്ള പ്രധാന കാരണം. ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നാണ് കരുതുന്നത്. ഈദ് ആഘോഷ വേളയിൽ തടവുകാരെ പുറത്ത് വിടണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.
Discussion about this post