പാലക്കാട് : മൊബൈൽ ടവർ മോഷണം പോയ കേസിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണകുമാറിനെ(46) പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുശ്ശേരിയിൽ സ്ഥാപിച്ച മൊബൈൽ ടവർ മോഷണം പോയ കേസിലാണ് നടപടി. കസബ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുംബൈ ആസ്ഥാനമായുള്ള ജി.ടി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയുടെ ടവറാണ് മോഷണം പോയത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന ടവറുകൾ കാണാതെ പോയിരുന്നു. പ്രവർത്തനരഹിതമായ ടവറുകൾ കള്ളന്മാർ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനി പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്ന് മാത്രം ഏഴ് ടവറുകൾ മോഷണം പോയതായി കണ്ടെത്തി. ലോക്ഡൗൺ കാലത്താണ് പ്രതി ഇവയെല്ലാം കടത്തിക്കൊണ്ട് പോയത്. ഒരു മൊബൈൽ ടവറിന് 25 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലവരും. നിലവിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് കമ്പനി പരാതിയിൽ പറയുന്നു.
Discussion about this post