ബിബിസി ആസ്ഥാനത്ത് നടന്ന ‘റെയ്ഡ്‘ പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റം, മോദിയുടെ പകപോക്കൽ തുടങ്ങിയ ആരോപണങ്ങളാണ് മുഴച്ച് നിൽക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച്കഴിഞ്ഞു. ജനാധിപത്യ ഇന്ത്യ ഇതിന് മോദിയോട് കണക്ക് തീർക്കും എന്നൊക്കെയാണ് സിപിഎമ്മിന്റെ രാജ്യസഭ എം.പി എ.എ റഹിം പ്രഖ്യാപിച്ചിരിക്കുന്നത്.
ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് പറഞ്ഞ് പഴകിയതും കോടതിയും ജനാധിപത്യ ഇന്ത്യയും തള്ളിക്കളഞ്ഞതുമായ ആരോപണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി ഉയർത്തിയത്. രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന നിർഭാഗ്യകരമായ ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ഒരു അന്താരാഷ്ട്ര മാദ്ധ്യമം വിദ്വേഷ പ്രചാരണങ്ങൾ നടത്തുമ്പോൾ അതെന്തു കൊണ്ടെന്ന് മനസ്സിലാക്കണമെങ്കിൽ കുറച്ച് വിശാലമായി ചിന്തിക്കുകയും പരിശോധിക്കുകയും വേണം. നിർഭാഗ്യമെന്ന് പറയട്ടെ മോദി വിരുദ്ധത കൊണ്ട് കണ്ണുകാണാത്ത പ്രതിപക്ഷത്തിന് ഇപ്പോൾ ബിബിസിയാണ് തമ്പ്രാൻ.
ബിബിസി നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണവും ഇൻകം ടാക്സ് വകുപ്പുമായുള്ള കേസുകളും നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് തുടങ്ങിയതല്ല. മൻമോഹൻ സർക്കാരിന്റെ കാലത്തും അതിനു മുൻപും ബിബിസി നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന ആരോപണവും അതിനു പിന്നാലെയുള്ള നടപടികളും തുടർന്ന് കോടതിയിൽ കേസുകളും ഉണ്ടായിട്ടുണ്ട്. മോദി വിരുദ്ധത എന്ന മഞ്ഞക്കണ്ണട മാറ്റി നിഷ്പക്ഷമായി നോക്കിയാൽ , ബിബിസിയാണ് പക പോക്കുന്നതെന്ന് മനസ്സിലാകും.
ബിബിസി വേൾഡ് ലിമിറ്റഡ് എന്ന ബ്രിട്ടൻ ആസ്ഥാനമായ കമ്പനി അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നടത്തുന്നത് ബിബിസി വേൾഡ്‌വൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ കമ്പനി വഴിയാണ്. എന്നാൽ ഈ കമ്പനിയുമായി നേരിട്ട് ബന്ധമില്ലെന്നാണ് ബിബിസി വേൾഡ് പറയുന്നത്. ഇന്ത്യയിലെ ബിബിസി കമ്പനി വേൾഡ് ബിബിസിക്ക് ചെയ്ത് കൊടുക്കുന്ന സേവനങ്ങൾക്കായി കമ്മീഷൻ കാശ് നൽകുന്നുണ്ടെന്നും അതിനു മാത്രമേ ടാക്സ് ഈടാക്കാൻ കഴിയുകയുള്ളൂവെന്നുമായിരുന്നു വാദം. അതായത് ഇന്ത്യയിൽ നിന്ന് കിട്ടുന്ന മുഴുവൻ വരുമാനത്തിന് ടാക്സ് ഈടാക്കാൻ കഴിയില്ലെന്നും മറിച്ച് ബിബിസി ഇന്ത്യയ്ക്ക് കിട്ടുന്ന കമ്മീഷനിൽ നിന്ന് മാത്രമേ ടാക്സ് ഈടാക്കാൻ കഴിയുകയുള്ളൂവെന്നുമാണ് ബിബിസി പറയുന്നത്. ഇതിന്റെ പേരിൽ ഇൻകം ടാക്സ് ട്രിബ്യൂണലിലും കോടതിയിലും കേസുകൾ നടക്കുന്നുണ്ട്.
ഈ രീതിയിൽ ടാക്സ് കണക്ക് കൂട്ടുന്നത് തെറ്റാണെന്നാണ് ഇന്ത്യൻ ഇൻകം ടാക്സ് വകുപ്പിന്റെ വാദം. ഇന്ത്യൻ ബിബിസിക്ക് ഡിസ്ട്രിബ്യൂഷൻ റൈറ്റ് കൊടുക്കുമ്പോൾ ഡിസ്ട്രിബ്യൂഷൻ വഴി ലഭിക്കുന്ന ആകെ വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകണമെന്നാണ് ഇൻകം ടാക്സ് വകുപ്പ് വ്യക്തമാക്കുന്നത്. നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന നരേന്ദ്ര മോദി സർക്കാർ ബിബിസിക്കെതിരെയുള്ള നടപടികൾ ഊർജ്ജിതമാക്കിയിരുന്നു. ആസൂത്രിതമായി നടത്തുന്ന നികുതി വെട്ടിപ്പ് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇൻകം ടാക്സ് വകുപ്പിന്റെ നടപടികൾ.
ഇതുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഒന്നിന്റെ വിവരങ്ങൾ
( ഇനിയും വിവിധ കേസുകളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞാൽ ലഭ്യമാകും )
നരേന്ദ്രമോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി പുറത്തിറക്കുന്നത് ഇതിനെ തുടർന്നാണ്. ഇൻകം ടാക്സ് നടപടികൾ തടയാനും ഇനി അഥവാ ഉണ്ടായാൽ തന്നെ അത് പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടാനുമായിരുന്നു ഈ ഡോക്യുമെന്ററി അഭ്യാസം. ബിബിസിയും ഇന്ത്യൻ ഇൻകം ടാക്സ് വകുപ്പുമായുള്ള തർക്കങ്ങളും മറ്റ് കോടതി രേഖകളും പരിശോധിച്ചാൽ ഇത് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. അങ്ങനെ നോക്കുമ്പോൾ ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ഒരു വിദേശ കമ്പനിയുടെ വരുമാനവുമായി ബന്ധപ്പെട്ട് നിയമാനുസൃതമായി നടക്കുന്ന ഒരു അന്വേഷണത്തിനെതിരെ ആണ് പ്രതിപക്ഷ കക്ഷികൾ വാളെടുക്കുന്നത്.
മോദി വിരുദ്ധത കാരണം കണ്ണു കാണാത്ത പ്രതിപക്ഷം ഒരു വിദേശ കമ്പനിയുടെ നികുതി വെട്ടിപ്പിനെയാണ് അറിഞ്ഞോ അറിയാതെയോ പിന്തുണയ്ക്കുന്നത്. നാടിന്റെ വികസനത്തിനുപയോഗിക്കേണ്ട സമ്പത്ത് അടിച്ചു മാറ്റുന്നവർക്കാണ് പ്രതിപക്ഷം പിന്തുണ കൊടുക്കുന്നത്.
ഇത് രാജ്യതാത്പര്യത്തിനെതിരാണ്. രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാണ്. പ്രതിപക്ഷത്തിന് അത് പുത്തരിയല്ലെങ്കിലും.
Discussion about this post