ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ അശാന്തി നിറയുന്ന സാഹചര്യത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ‘പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ ഉറപ്പുനല്‍കി. പലസ്തീനിയന്‍ ജനതയുമായുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ പങ്കുവെച്ചു’, മോദി എക്‌സില്‍ കുറിച്ചു.
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. നേരത്തെ, ആഗോളവളര്‍ച്ചയ്ക്കും വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും പ്രതിജ്ഞാബദ്ധതയും ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.
ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യു.എസ്. എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് എന്നതിന്റെ ചുരുക്കമാണത്. ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ചനടത്തി.
. യു എസില്‍ നിന്ന് വാങ്ങുന്ന 31 എംക്യു-9ബി സ്‌കൈ ഗാര്‍ഡിയന്‍, സീ ഗാര്‍ഡിയന്‍ ഡ്രോണുകളുടെ കൈമാറ്റ പുരോഗതി വിലയിരുത്തി. കൊല്‍ക്കത്തയില്‍ സെമി കണ്ടക്റ്റര്‍ പ്ലാന്റ് നിര്‍മിക്കുന്നതടക്കം വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായി.
Discussion about this post