ന്യൂഡൽഹി: എന്റെ സഹോദരൻ പാർലമെന്റിൽ മോദിയുടെ അടുത്ത് പോയി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ശത്രുതയില്ലെന്ന് പറഞ്ഞു. നമ്മൾ വിരുദ്ധ ആശയങ്ങളിലുളളവരാകും. പക്ഷെ ഞങ്ങൾക്ക് വിദ്വേഷത്തിന്റെ ആശയമില്ലെന്നും പറഞ്ഞു. അങ്ങനെയുളള ഒരാളെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കരുത്. അവരെ ജയിലിൽ അടയ്ക്കരുത്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ തടയരുത് പ്രിയങ്ക പറഞ്ഞു.
അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധവേദിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. നിരന്തരം അവർ എന്റെ കുടുംബത്തെ ആക്ഷേപിക്കുകയാണ്. തന്റെ കുടുംബം രക്തം നൽകിയാണ് രാജ്യത്ത് ജനാധിപത്യം വളർത്തിയതെന്ന അവകാശവാദത്തോടെ ആയിരുന്നു ഈ ആക്ഷേപം.
രാജ്യത്തിന് വേണ്ടി പോരാടിയവരാണെന്ന പേരിൽ ഞങ്ങളുടെ കുടുംബക്കാർ ലജ്ജിക്കണോയെന്നും പ്രിയങ്ക ചോദിച്ചു. രാജ്ഘട്ടിൽ നടത്തിയ സങ്കൽപ സത്യഗ്രഹത്തിലായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. രാഹുലിനെതിരായ നടപടി കുടുംബത്തിനെതിരായ നടപടിയായി ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് ബലഹീനതയെ ബിജെപി നിരന്തരം വിമർശിക്കുന്നതിനിടെയാണ് പ്രിയങ്ക വീണ്ടും കുടുംബവാദം ആവർത്തിച്ചത്.
രാമനെയും പാണ്ഡവരെയും കൂട്ടുപിടിച്ച് കുടുംബവാദം എന്ന വിമർശനത്തിന് മറുപടി നൽകാനുളള ശ്രമവും പ്രിയങ്ക നടത്തി. ബിജെപി കുടുംബവാദത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
രാമനും പാണ്ഡവരും കുടുംബവാദികളായിരുന്നോ? അവരുടെ കുടുംബത്തിന്റെ സംസ്‌കാരത്തിന് വേണ്ടിയായിരുന്നോ പാണ്ഡവർക്ക് യുദ്ധം ചെയ്യേണ്ടി വന്നതെന്നും പ്രിയങ്ക ചോദിച്ചു.
Discussion about this post