കൊഹിമ; നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യസർക്കാരിനെ പിന്തുണയ്ക്കുമെന്ന് എൻസിപി. 60 അംഗ നിയമസഭയിൽ എൻസിപിക്ക് ഏഴ് അംഗങ്ങളാണുളളത്. പിന്തുണ സംബന്ധിച്ച് ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ എൻസിപി സൂചന നൽകിയിരുന്നു.
ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷത്തിരിക്കണോ സർക്കാരിന്റെ ഭാഗമാകണോയെന്ന കാര്യത്തിൽ എൻസിപിയിൽ തർക്കം രൂക്ഷമായിരുന്നു. ഇതിനൊടുവിലാണ് സർക്കാരിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. നാഗാലാൻഡിന്റെ വിശാലതാൽപര്യം പരിഗണിച്ചാണ് നിലപാട് സ്വീകരിച്ചതെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു.
എൻഡിപിപി ബിജെപി സഖ്യത്തിന് 37 സീറ്റുകളാണുളളത്. അതുകൊണ്ടു തന്നെ കേവലഭൂരിപക്ഷത്തിന് എൻസിപിയുടെ പിന്തുണ ആവശ്യമില്ല. ബിജെപിക്ക് 12 ഉം എൻഡിപിപിക്ക് 25 ഉം സീറ്റുകളാണ് ലഭിച്ചത്.
മുഖ്യമന്ത്രി നെഫ്യൂ റിയോയുമായി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പിന്തുണ സംബന്ധിച്ച് ധാരണയുണ്ടായിരുന്നുവെന്നും ശരദ് പവാർ അവകാശപ്പെട്ടു. ബിജെപിക്കുളള പിന്തുണയായി ഇതിനെ തെറ്റായി കാണേണ്ടെന്നും നെഫ്യു റിയോയുമായി മാത്രമാണ് എൻസിപിക്ക് ബന്ധമെന്നും ശരദ് പവാർ പറയുന്നു. മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാരിന്റെ സഖ്യകക്ഷികളിൽ ഒന്നായിരുന്നു എൻസിപി. ഷിൻഡെ സർക്കാർ ഉദ്ധവിനെ താഴെയിറക്കി അധികാരത്തിലെത്തിയതോടെ എൻസിപിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് പാർട്ടി സർക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായമാണുളളതെന്നും അത് പരിഗണിച്ചാണ് തീരുമാനമെന്നും എൻസിപി വക്താവ് നരേന്ദ്ര വർമ്മ പറഞ്ഞു.
Discussion about this post