തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള നീക്കങ്ങള്‍ നടത്തി കേരളം. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഏകീകൃത നീക്കങ്ങളാണ് നടക്കുന്നത്. ഡാം നിര്‍മാണത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്നാണ് ജലസേചന വകുപ്പിന്റെ കണ്ടെത്തല്‍. ഇപ്പോഴുള്ള അണക്കെട്ടില്‍ നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ (ഡിപിആര്‍) കരട് തയാറായി. അന്തിമറിപ്പോര്‍ട്ട് ഈ മാസം അവസാനം സര്‍ക്കാരിനു കൈമാറും.
രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കുന്നത്. 2011ലെ ആദ്യ റിപ്പോര്‍ട്ടില്‍ ചെലവ് 600 കോടിയാണു കണക്കാക്കിയത്. തമിഴ്‌നാട് അനുമതി നല്‍കിയാല്‍ അഞ്ചുമുതല്‍ എട്ടു വരെ കൊല്ലം കൊണ്ട് പുതിയ ഡാം നിര്‍മിക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ പുതിയ അണക്കെട്ടിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് നിലവില്‍ തമിഴ്‌നാടിന്റേത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.75 അടി വരെ ഉയര്‍ന്നെങ്കിലും ഇന്നലെ രാവിലെ 131.4 അടിയായി കുറഞ്ഞു. 136 അടിയിലെത്തുമ്പോള്‍ തമിഴ്‌നാട് സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ഡാമിന്റെ അനുവദനീയ സംഭരണ ശേഷി 142 അടിയും പരമാവധി ശേഷി 152 അടിയുമാണ്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോയെന്ന് ജനങ്ങളോട് പറയണം. ഇല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post