ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തില്ല. അംഗങ്ങളെ പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നാമനിർദ്ദേശം ചെയ്യാനാണ് തീരുമാനം. റായ്പൂരിൽ കോൺഗ്രസിന്റെ 85 ാം പ്ലീനറി സെക്ഷനിലാണ് തീരുമാനം. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നാണ് വിലയിരുത്തൽ.
യോഗത്തിൽ പങ്കെടുത്ത 45 അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചതായി കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ അംഗങ്ങൾ തിരഞ്ഞെടുപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പ്രകടിപ്പിച്ചതായി ജയ്‌റാം രമേശ് സമ്മതിച്ചു.
നിലവിലെ പൊതു രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ പങ്ക് മനസിലാക്കിയും രാഷ്ട്രീയ വെല്ലുവിളികൾ മറികടക്കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് വിശദീകരണം. മുൻ കോൺഗ്രസ് പ്രസിഡന്റുമാരും മുൻ പ്രധാനമന്ത്രിമാരും പ്രവർത്തക സമിതിയിൽ ഇടംനേടും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും വനിതകൾക്കും ന്യൂനപക്ഷ നേതാക്കൾക്കും യുവാക്കൾക്കുമായി 50 ശതമാനം സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു.
തീരുമാനത്തെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികളും എഐസിസി അംഗങ്ങളും പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്ന് ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു.പ്രിയങ്ക വാധ്രയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. രാഹുലും സോണിയയും യോഗത്തിൽ പങ്കെടുത്തില്ല. മൂന്ന് ദിവസമാണ് പ്ലീനറി സെക്ഷൻ നടക്കുക.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും പാർലമെന്റ് തിരഞ്ഞെടുപ്പും കോൺഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയും അവസരവുമാണ് നൽകുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post