ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ചീസ് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ശാസ്ത്രലോകം. 1615 ബിസി കാലഘട്ടത്തിലേതാണ് ഈ ചീസ്. എന്നാല്‍ ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന വസ്തുതയാണ് ഏവരെയും കൂടുതല്‍ അമ്പരപ്പിക്കുന്നത്. വെങ്കലയുഗത്തില്‍ ബിസി 3300 -നും ബിസി 1200 -നും ഇടയില്‍ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ മരുഭൂമി നിവാസികളുടെ മൃതദേഹത്തിന്റെ ശേഷിപ്പുകളിലാണ് ചീസ് കണ്ടെത്തിയിരിക്കുന്നത്.
മരണാനന്തരജീവിതത്തില്‍ കഴിക്കുന്നതിന് വേണ്ടിയാണ് ഈ ചീസ് ഇവര്‍ മമ്മികള്‍ക്കൊപ്പം വച്ചിരിക്കുന്നത് എന്നാണ് അനുമാനിക്കുന്നത്. തലയ്ക്കും കഴുത്തിനും ചുറ്റുമായി ചിതറിക്കിടക്കുന്ന തരത്തിലാണ് ചീസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വരണ്ട കാലാവസ്ഥയായതിനാലാവണം ഈ മൃതദേഹങ്ങള്‍ മമ്മിയായി മാറിയിരുന്നത് എന്നും ഗവേഷകര്‍ പറയുന്നു.
സ്‌മോള്‍ റിവര്‍ സെമിത്തേരി നമ്പര്‍ 5 -ല്‍ സൂക്ഷിച്ചിരിക്കുന്ന, മൃതദേഹങ്ങളിലാണ് ചീസ് കണ്ടെത്തിയിരിക്കുന്നത്. ശവസംസ്‌കാര പ്രക്രിയകളുടെയും ഇവിടുത്തെ ഭൂപ്രകൃതിയുടേയും ഒക്കെ സവിശേഷതകള്‍ നിമിത്തമാണ് അവ കാലപ്പഴക്കത്താല്‍ നശിക്കാത്ത അവസ്ഥയില്‍ ഇരിക്കുന്നത് എന്നാണ് ഗവേഷകരുടെ അനുമാനം.
അടുത്തിടെയാണ്, ശാസ്ത്രജ്ഞര്‍ 3,600 വര്‍ഷം പഴക്കമുള്ള ചീസില്‍ നിന്ന് ഡിഎന്‍എ വിജയകരമായി വേര്‍തിരിച്ചെടുത്തത്. ബാക്ടീരിയയും യീസ്റ്റും പാലുമായി സംയോജിപ്പിച്ച് കെഫീര്‍ സ്റ്റാര്‍ട്ടര്‍ ഉപയോഗിച്ചാണ് ഈ ചീസ് നിര്‍മ്മിച്ചതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.
Discussion about this post