ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഗുരുദാസ്പൂർ സെക്ടറിലെ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമാണ് ഡ്രോൺ എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് സംഘം വെടിയുതിർത്തതോടെ ഡ്രോൺ തിരികെ പോയി.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു അതിർത്തിയിൽ ഡ്രോൺ എത്തിയത്. മൂളൽ ശബ്ദം കേട്ടതോടെ ബിഎസ്എഫ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വെടിയുതിർത്ത് വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു.
പാകിസ്താൻ ഭാഗത്ത് നിന്നുമാണ് ഡ്രോൺ എത്തിയതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. വെടിയുതിർത്തതോടെ അതിർത്തി കടന്ന് മുന്നോട്ട് നീങ്ങാതെ ഡ്രോൺ പാകിസ്താൻ ഭാത്തേക്ക് തന്നെ മടങ്ങി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. മയക്കുമരുന്നോ, ആയുധമോ കൊണ്ടുവന്ന ഡ്രോൺ ആകാം ഇതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ആഴ്ച സമാന രീതിയിൽ പാകിസ്താൻ ഭാഗത്ത് നിന്നും അതിർത്തി കടക്കാൻ ശ്രമിച്ച ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു. അമൃത്‌സർ സെക്ടറിലായിരുന്നു ഡ്രോൺ എത്തിയത്. പാകിസ്താനിൽ നിന്നും ഡ്രോൺ എത്തുന്നത് പതിവാകുന്ന സാഹചര്യത്തിൽ അതിർത്തിയിൽ ബിഎസ്എഫ് അതീവ ജാഗ്രതയാണ് പാലിക്കുന്നത്.
Discussion about this post