ഇസ്ലാമാബാദ്; ജോലികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് തൊഴിലാളികളോട് ചൂണ്ടിക്കാട്ടിയ ചൈനീസ് എഞ്ചിനീയർക്ക് മേൽ മതനിന്ദാ കുറ്റം തന്നെ ചമുത്തിയതായി റിപ്പോർട്ട്. മതനിന്ദാ കുറ്റത്തിന് ഇയാളെ പാകിസ്താനിലെ തീവ്രവാദവിരുദ്ധ കോടതി 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ ജയിലിലേക്ക് അയച്ചിരിക്കുകയാണ്. മതനിന്ദാ കുറ്റം തെളിഞ്ഞാൽ ചൈനീസ് പൗരന് വധശിക്ഷയായിരിക്കും ലഭിക്കുക. മതനിന്ദയ്ക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകാനാണ് പാകിസ്താനിലെ നിയമങ്ങൾ അനുശാസിക്കുന്നത്.
നേരത്തെ ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷിക്കാനാണ് ചൈനീസ് പൗരനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ വാദിച്ചിരുന്നത്. എന്നാൽ പിന്നാലെ ഇയാളെ മതനിന്ദാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതാണെന്ന റിപ്പോർട്ടുകൾ പുറത്തുവരികയായിരുന്നു.
എഞ്ചിനീയറായ ചൈനീസ് പൗരൻ, ജോലിസ്ഥലത്തെ തൊഴിലാളികളുടെ ജോലിയെ കുറിച്ച് വിശകലനം ചെയ്തതാണ് വിനയായത്.പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദാസു വൈദ്യുത നിലയത്തിലെ നിർമ്മാണ സ്ഥലത്താണ് സംഭവം.
ഈ മാസം ജോലികളെല്ലാം മന്ദഗതിയിലായെന്ന് ചൈനീസ് പൗരൻ അഭിപ്രായപ്പെട്ടു. ഉടനെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികൾ ബഹളം വയ്ക്കുകയും ചൈന ഗെഷൗബ ഗ്രൂപ്പിന്റെ എഞ്ചിനീയറെ തടഞ്ഞു വയ്ക്കുകയുമായിരുന്നു.
റമ്സാൻ മാസത്തിൻ ജോലിയ്ക്ക് വേഗതക്കുറവുണ്ടെന്നാണ് ചൈനീസ് പൗരൻ പറഞ്ഞതെന്നും അള്ളാഹുവിനെയും മതത്തെയും അപമാനിച്ചു എന്നും ആരോപിച്ച് തൊഴിലാളികൾ പ്രതിഷേധിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തു
അതേസമയം പാകിസ്താനിലെ ചൈനീസ് എംബസി വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി. ‘ആതിഥേയ രാജ്യങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും പ്രാദേശിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കാനും വിദേശത്തുള്ള ചൈനീസ് പൗരന്മാരോട് ചൈനീസ് സർക്കാർ എപ്പോഴും ആവശ്യപ്പെടുന്നു” വെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post