മുംബൈ: ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുകയാണ് നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും. ഇതിനായുള്ള പ്രവർത്തനങ്ങളായിരുന്നു സംഘടനകൾ നാളിതുവരെയായി നടത്തിയിരുന്നതെന്നും ഭീകര വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അന്വേഷണ സംഘം കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് പോപ്പുലർ ഫ്രണ്ടിനെക്കുറിച്ചുള്ള എൻഐഎയുടെ കണ്ടെത്തൽ ആവർത്തിച്ചിരിക്കുന്നത്.
2047 ഓട് കൂടി ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവന്ന് രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റാൻ ആയിരുന്നു പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും ആയുധങ്ങളും പണവും സ്വീകരിക്കാൻ പദ്ധതിയിട്ടു. രാജ്യത്തിനെതിരെ യുദ്ധത്തിന് രഹസ്യമായി ഇവർ ആഹ്വാനം ചെയ്തിരുന്നു. സർക്കാരിനെ അട്ടിമറിയ്ക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആർഎസ്എസിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി സമൂഹത്തിൽ ഭിന്നിപ്പിന് ശ്രമിച്ചു. ആർഎസ്എസ് ഹിന്ദുക്കളുടെ മാത്രം ഉന്നമനത്തിന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞായിരുന്നു ഭിന്നിപ്പിന് ശ്രമിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രവർത്തകർക്ക് നേതാക്കൾ പരിശീലനം നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും ലഭിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ മസർഖാൻ, സാദിഖ് ഷെയ്ഖ്, മുഹമ്മദ് ഇക്ബാൽ ഖാൻ, മോമിൻ മിസ്ട്രി, ആസിഫ് ഹുസ്സൈൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്താണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
നേരത്തെ കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ എൻഐഎ വിശദമായി വ്യക്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തലുകൾ.
Discussion about this post