വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷന്‍ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമാണ് ഇത്തരത്തില്‍ ഇംപോസിഷന്‍ എഴുതേണ്ടി വന്നത്.
‘ഇനി സ്‌കൂള്‍- കോളജ് കുട്ടികളെ ബസില്‍ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല’- എന്ന് ഇരുവരും 100 വട്ടം എഴുതി. രണ്ടര മണിക്കൂറെടുത്താണ് ഇവര്‍ ഇംപോസിഷന്‍ എഴുതി തീര്‍ത്തത്.
കഴിഞ്ഞ ദിവസം പാര്‍ഥസാരഥി ജങ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിര്‍ത്തിയിട്ട ബസില്‍ കോളജ് വിദ്യാര്‍ഥികള്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അടുത്ത ബസില്‍ വരാന്‍ പറഞ്ഞ് കണ്ടക്ടറും ഡ്രൈവറും തടഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികള്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും കൂടി കുട്ടികളെ വിലക്കുകയും അവരോട് കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അടൂര്‍ ട്രാഫിക്ക് എസ്‌ഐ ജി സുരേഷ് കുമാറാണ് ബസ് കണ്ടെത്തി ജീവനക്കാരെ ട്രാഫിക്ക് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പെറ്റിക്കേസ് എടുക്കുന്നതിനു പകരമായാണ് ഇവരെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ചത്.
പെറ്റിക്കേസ് എടുത്താല്‍ ഇതു വീണ്ടും ആവര്‍ത്തിക്കുമെന്നതിനാലാണ്് ഇംപോസിഷന്‍ എഴുതിപ്പിച്ചതെന്നും ഇത് ഇനിയും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്കു തങ്ങള്‍ക്ക് നീങ്ങേണ്ടി വരുമെന്നും എസ്‌ഐ വ്യക്തമാക്കി.
Discussion about this post