ന്യൂയോർക്ക്: ഇന്ത്യയിലെ ജനാധിപത്യ സംവിധാനം അപകടത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേംബ്രിഡ്ജ് സർവ്വകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസാരിക്കെയായിരുന്നു രാജ്യത്തെ കരിവാരിത്തേയ്ക്കാനുള്ള രാഹുലിന്റെ ശ്രമം. വലിയ ആക്രമണങ്ങളും സമ്മർദ്ദവുമാണ് ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാർലമെന്റിലെ കാര്യം തന്നെ നോക്കാം. പാർലമെന്റിലെ ചിത്രം എടുത്താൻ ഒരു മൂലയ്ക്കായി പ്രതിപക്ഷമിരിക്കുന്നത് കാണാം. എന്തെങ്കിലും ഒരു വിഷയം സഭയിൽ ഉയർത്തിയാൽ അപ്പോൾ അതിൽ ഭരണപക്ഷം പ്രതിഷേധം ആരംഭിക്കും. ഇതിന് പിന്നാലെ തങ്ങളെ ജയിലിൽ അടയ്ക്കും. ഇത് ഒരു തവണയല്ല പല തവണ സംഭവിച്ചിട്ടുണ്ട്. ഇത് ക്രൂരമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ന്യൂനപക്ഷം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളും ഇക്കാര്യം പലതവണ കേട്ടുകാണും. അതുകൊണ്ട് തന്നെ എന്താണ് അവിടെ നടക്കുന്നത് എന്ന് നിങ്ങൾക്കും അറിയുന്നുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരിപാടിയിൽ ഇന്ത്യയെ ഇകഴ്ത്തി കാട്ടുന്നതിനുള്ള ശ്രമങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇന്നലെ നടന്ന പ്രഭാഷണത്തിലും ഇന്ത്യയിൽ ജനാധിപത്യ സംവിധാനം തകരുകയാണെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യ സംവിധാനമില്ലാത്ത ലോകത്തെ ഉൾക്കൊള്ളുക പ്രയാസകരമാണ്. അതുകൊണ്ടുതന്നെ ജനാധിപത്യ അന്തരീക്ഷം എങ്ങനെ ഉണ്ടാക്കണമെന്നകാര്യം നാം ചിന്തിക്കണം. അതിനെക്കുറിച്ച് ചർച്ച ചെയ്യണമെന്നും രാഹുൽ പറഞ്ഞിരുന്നു.
അതേസമയം ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നാണ് ഈ പരാമർശത്തോട് ആളുകൾ പ്രതികരിക്കുന്നത്. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. ഇതിന് പിന്നാലെയാണ് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നുള്ള രാഹുലിന്റെ പരാമർശം.
Discussion about this post