ന്യൂഡല്‍ഹി: വ്യവസ്ഥാ ലംഘനം നടത്തിയെന്ന കാരണത്താല്‍ ആക്സിസ് ബാങ്കിനും എച്ച്ഡിഎഫ്സി ബാങ്കിനും മേല്‍ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്സിസ് ബാങ്കിന് 1.91 കോടി രൂപയും എച്ഡിഎഫ്സിക്ക് ഒരു കോടി രൂപയുമാണ് പിഴത്തുക ചുമത്തിയിരിക്കുന്നത്.
നിക്ഷേപങ്ങള്‍ക്കുള്ള പലിശ, അക്കൗണ്ട് ഉടമകളുടെ പ്രാഥമിക വിവരങ്ങള്‍, കാര്‍ഷിക വായ്പകള്‍ക്കുള്ള ഈടുകള്‍ എന്നീ കാര്യങ്ങള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും ഈ ബാങ്കുകള്‍ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആക്സിസ് ബാങ്കിന്റെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള വിവരങ്ങളാണ് റിസര്‍വ് ബാങ്ക് പരിശോധിച്ചത്. ഇതിലാണ് ബാങ്കിംഗ് ചട്ടങ്ങളുടെ ലംഘനം കണ്ടെത്തിയത്.
യോഗ്യതയില്ലാത്ത പലര്‍ക്കും് ബാങ്കില്‍ അക്കൗണ്ടുകള്‍ നല്‍കിയതായും പരിശോധനയില്‍ കണ്ടെത്തി. ചില അക്കൗണ്ട് ഉടമകള്‍ക്ക് ഒന്നിലേറെ കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ കോഡുകള്‍ നല്‍കിയതും ചട്ടവിരുദ്ധമാണെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി. ഒരു അക്കൗണ്ട് ഉടമക്ക് ഒരു യുണീക്ക് കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ കോഡ് മാത്രമേ നല്‍കാവൂ എന്നാണ് ചട്ടം.
1.6 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഇടപാടുകാരില്‍ നിന്ന് വസ്തു ജാമ്യം വാങ്ങിയതായും പരിശോധനയില്‍ കണ്ടെത്തി. ഇതും റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
അതേസമയം, എച്ച്ഡിഎഫ്സി ബാങ്കില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നതായി കണ്ടെത്തിയിരുന്നു. ഇത് ബാങ്കിംഗ് ചട്ടങ്ങളുടെ പരസ്യ ലംഘനമാണെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. യോഗ്യതയില്ലാത്തവര്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ നല്‍കിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Discussion about this post