സെഞ്ചൂറിയൻ : ടി20 ചരിത്രത്തിലെ ആദ്യ അഞ്ഞൂറു റൺസ് മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും തമ്മിൽ സെഞ്ചൂറിയനിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 5 ന് 258 റൺസടിച്ചപ്പോൾ പത്തൊൻപതാം ഓവറിൽ തന്നെ 259 റൺസടിച്ച് ദക്ഷിണാഫ്രിക്ക വിജയിച്ചു. ഒട്ടേറെ റെക്കോഡുകൾ പിറന്ന മത്സരത്തിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലാകുന്നത്.
ക്വിന്റൺ ഡി കോക്ക് അടിച്ച് പന്ത് ബൗണ്ടറിയിലേക്ക് പായുമ്പോൾ ഓടി പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ബോർഡിൽ ചെന്നടിച്ച് വെസ്റ്റിൻഡീസ് ക്യാപ്ടൻ റോവ്‌മാൻ പവലിന് പരിക്ക് പറ്റിയിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നപ്പോഴാണ് പവൽ ബോൾ ബോയ് ആയ അഞ്ചു വയസ്സുകാരനെ രക്ഷിച്ചതാണെന്നത് വ്യക്തമായത്.
പന്ത് പിടിക്കാൻ ശ്രമിച്ചാൽ താൻ കുട്ടിയുടെ ദേഹത്ത് ഇടിക്കുമെന്ന് മനസ്സിലാക്കിയ പവൽ നിമിഷം കൊണ്ട് ദിശ മാറ്റി എൽ.ഇ.ഡി ബോർഡും മറികടന്ന് അപ്പുറത്ത് പോയി വീഴുകയായിരുന്നു. ഇതിൽ അദ്ദേഹത്തിന് ചെറിയ പരുക്ക് പറ്റുകയും ചെയ്തു. സ്വന്തം സുരക്ഷ നോക്കാതെ കുട്ടിയെ രക്ഷിച്ച പവലിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.
https://twitter.com/DanSenior97/status/1639993731876110336?s=20
പരുക്കേറ്റ പവലിന് ഇനി കളിക്കാനാകുമോ എന്ന ആശങ്ക ഉയർന്നെങ്കിലും അദ്ദേഹത്തിന് ചെറിയ പരുക്ക് മാത്രമാണ് സംഭവിച്ചത്. ഇനിയുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post