വെഞ്ഞാറമൂടിനെതിരെ കേസ് നല്‍കിയതിനെക്കുറിച്ച് വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്. ആറ്റുകാല്‍ പൊങ്കാലയെ വരെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു 2018-ല്‍ സുരാജ് വെഞ്ഞാറമൂട് അവതാരകനായ ഒരു മിമിക്രി പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയത്. തന്റെ വേഷമിട്ട് മതപരമായ കാര്യങ്ങള്‍ പോലും പറയിപ്പിക്കുകയായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കേസ് നല്‍കിയതിന് ശേഷം സുരാജില്‍ നിന്ന് ഒരു ഉപദ്രവവും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘രസിപ്പിക്കാനാണ് അങ്ങനെ ചെയ്തിരുന്നതെങ്കില്‍ അതൊരു പ്രശ്‌നമായിരുന്നില്ല. പക്ഷേ മതപരമായ കാര്യങ്ങളും അല്ലാത്തതും ഞാന്‍ പറയാത്ത കാര്യങ്ങള്‍ സന്തോഷ് പണ്ഡിറ്റിന്റെ വേഷമിട്ട് ഒരാള്‍ പറയുകയാണ് ചെയ്തത്. ഇത് മിമിക്രിയാണോ. കളക്ടറെ ഒരാള്‍ അവതരിപ്പിക്കുന്നതും കളക്ടറെ പോലെ ഒരാള്‍ വേഷമിട്ട് ഓഫീസില്‍ എത്തുന്നതും രണ്ടും രണ്ടല്ലേ. അതാണ് അവര്‍ അന്ന് ചെയ്തത്
‘അന്ന് കേസ് കൊടുത്തതിനുശേഷം സുരാജ് ആയാലും മറ്റ് മിമിക്രിക്കാരായാലും പൊതു മധ്യത്തില്‍ പിന്നീട് പൈസ കൊടുത്ത് മിമിക്രി ചെയ്തിട്ടില്ല. എന്നാല്‍ ആ കേസ് കൊടുത്തില്ലായിരുന്നുവെങ്കില്‍ അടുത്ത ഷോയിലും പണ്ഡിറ്റിനിട്ട് പണിയാമെന്ന് വിചാരിച്ചിരുന്നേനെ. ഇന്ന് ഇയാളാണ് ചെയ്തതെങ്കില്‍ നാളെ മറ്റൊരുവന്‍ അത് ചെയ്‌തേനെ.
അവന്‍ എന്റെ വേഷം കെട്ടി ദൈവത്തെ പറ്റിയുള്ള അഭിപ്രായം പറയുന്നു. അതെങ്ങനെ മിമിക്രി ആകും. എന്റെ അഭിപ്രായം ഞാനാണ് പറയുന്നത്, മറ്റൊരുത്തനുമല്ല അതു പറയേണ്ടത്”-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
Discussion about this post