ഹരിപ്പാട്: എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി നടുറോഡിൽ മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്. ഹരിപ്പാട് ജംഗ്ഷനിൽ വൈകിട്ടോടെയാണ് സംഭവം. മർദ്ദനത്തിനിടെ വനിതാ നേതാവിന് അപസ്മാരം ഉണ്ടായതോടെ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലുളള സംഘം ഇവരെ റോഡിൽ ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തു. സംഭവം കണ്ടുനിന്ന നാട്ടുകാരും ഒപ്പമുണ്ടായിരുന്ന സുഹൃത്തുമാണ് ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ചിന്നുവിനാണ് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയാണ് മർദ്ദിച്ചത്. പെൺകുട്ടി സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ഇവർ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും അക്രമിക്കുകയായിരുന്നു.
പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ഷർട്ട് ഉൾപ്പെടെ വലിച്ചുകീറുകയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. അമ്പാടി ഉണ്ണിയുടെ സ്വഭാവ ദൂഷ്യത്തിനെതിരെ പാർട്ടിക്കും ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിക്കും പെൺകുട്ടി പരാതികൾ നൽകിയിരുന്നു. സാക്ഷികളായി നിരവധി പെൺകുട്ടികളുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. ഇതിലുളള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് യുവതിയുടെ സുഹൃത്ത് പറയുന്നു.
ക്രൂരമായ മർദ്ദനത്തിനിടെ യുവതിക്ക് അപസ്മാരം ഉണ്ടായി. അക്രമികൾ ഇത് കണ്ടതോടെ ഇവരെ റോഡിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും ശരീരത്തും മുറിവേറ്റിട്ടുണ്ട്. പെൺകുട്ടി നൽകിയ പരാതിയിൽ ഡിവൈഎഫ്‌ഐ അന്വേഷണ കമ്മീഷന്റെ അന്വേഷണം നടന്നു വരവേയാണ് അക്രമം.












