ബലാസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ സംഭവസ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിനുൾപ്പെടെ നേതൃത്വം നൽകിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കൈയ്യടിച്ച് സമൂഹമാദ്ധ്യമങ്ങൾ. ദുരന്ത സ്ഥലത്തെ മന്ത്രിയുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ഉറച്ച പിന്തുണ അറിയിച്ചത്.
14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാൻ മന്ത്രി മുൻപിൽ തന്നെ ഉണ്ടായിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരവധി പേർ മന്ത്രിക്ക് പിന്തുണ അറിയിച്ചത്.
മുൻപ് നടന്ന അപകടങ്ങളുടെ പേരിൽ പല മന്ത്രിമാരും രാജിവെച്ചിട്ടുണ്ടാകും, പക്ഷെ ഏതെങ്കിലും ഒരു അപകടസ്ഥലത്ത് 24 മണിക്കൂറിന് ശേഷവും ഇതുപോലെ ഇരിക്കുന്ന മന്ത്രിയെ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് പലരും ചിത്രം പങ്കുവെയ്ക്കുന്നത്. ലാലു പ്രസാദ് യാദവിന്റെയും മമതയുടെയും ഒക്കെ കാലത്ത് നിരവധി അപകടങ്ങൾ നടന്നിട്ടും അവരെയൊന്നും ഇങ്ങനെ കണ്ടിട്ടില്ലെന്നും ഒട്ടേറെ പേർ പ്രതികരിക്കുന്നു.
അപകടമുണ്ടായി നിമിഷങ്ങൾക്കുളളിൽ തന്നെ രക്ഷാപ്രവർത്തന ഏകോപനം അശ്വിനി വൈഷ്ണവ് ഏറ്റെടുത്തിരുന്നു. ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസുമായും അയൽ സംസ്ഥാനങ്ങളുമായും ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ട് ദ്രുതഗതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പിന്നാലെ നേരിട്ട് ദുരന്ത സ്ഥലത്തേക്ക് തിരിച്ചു.
മന്ത്രിയുടെ ദ്രുതഗതിയിലുളള ഇടപെടലാണ് ഇത്ര വലിയ ദുരന്തമായിട്ടും രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചത്. ഭുവനേശ്വറിൽ നിന്നും കൊൽക്കത്തയിൽ നിന്നും രക്ഷാപ്രവർത്തകരെ നിയോഗിച്ചു. എൻഡിആർഎഫിനെയും വ്യോമസേനയെയും രക്ഷാപ്രവർത്തനത്തിൽ ഉടനടി വിന്യസിച്ചു. സാധാരണയായി മറ്റ് മാർഗങ്ങൾ ഇല്ലാതെ വരുമ്പോഴാണ് സൈന്യത്തിന്റെ സേവനം തേടുന്നത്. വൈകിട്ടുണ്ടായ അപകടത്തിൽ നേരം പുലർന്നതോടെ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായിരുന്നു. അവസാനഘട്ട പരിശോധനകളാണ് പിന്നീട് അവശേഷിച്ചത്.
രക്ഷാപ്രവർത്തനം പൂർത്തിയായതിന് പിന്നാലെ നിരതെറ്റിയ ട്രാക്കുകൾ പുനസ്ഥാപിക്കുകയെന്ന ജോലി റെയിൽവേ ആരംഭിച്ചു. പാളത്തിൽ കിടന്ന അപകടത്തിൽപെട്ട ട്രെയിനുകളുടെ ബോഗികൾ നീക്കിയിട്ട് വേണമായിരുന്നു ഈ ജോലികൾ ആരംഭിക്കാൻ. രാത്രി വൈകിയും ആ ബോഗികൾ ട്രാക്കിൽ നിന്ന് നീക്കുന്നതിനുളള പ്രവർത്തനത്തിലാണ് റെയിൽവേ. ഒപ്പം മന്ത്രിയും.
Discussion about this post