റായ്പൂർ: സോണിയാ ഗാന്ധി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് സൂചന. റായ്പൂരിൽ നടക്കുന്ന പ്ലീനറി യോഗത്തിൽ സോണിയ നടത്തിയ പരാമർശമാണ് വിരമിക്കൽ സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ സോണിയയുടെ വിരമിക്കൽ മുഖ്യധാര മാദ്ധ്യമങ്ങളും സമൂഹമാദ്ധ്യമങ്ങളും സജീവ ചർച്ചയാക്കിയിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുകയാണെന്ന് ആയിരുന്നു സോണിയ പറഞ്ഞത്. 2004 ലും 2009 ലും ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ വിജയം വ്യക്തിപരമായി തന്നെ തൃപ്തിപ്പെടുത്തുന്നതാണ്. എന്നാൽ ഭാരത് ജോഡോ യാത്രയിലൂടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുന്നതാണ് അതിലുമേറെ സന്തോഷിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്ര ഏറെ നിർണായകമായിരുന്നു എന്നും സോണിയ പറഞ്ഞിരുന്നു. ഇതോടെയാണ് സോണിയ രാഷ്ട്രീയം വിടുന്നതായുള്ള ചർച്ചകൾ സജീവമായത്.
നിലവിലെ സാഹചര്യങ്ങൾ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഉണ്ടായ കാരണങ്ങളെ ഓർമ്മിക്കുന്നുവെന്ന് സോണിയ യോഗത്തിൽ പറഞ്ഞു. അന്ന് മുതൽ ഇന്നുവരെ പ്രതിസന്ധികളോട് പോരടിക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ സമയം ഏറെ നിർണായകമാണ്. നാം ഓരോരുത്തർക്കും രാജ്യത്തോടും ജനങ്ങളോടും വലിയ ഉത്തരവാദിത്വങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്.
കോൺഗ്രസ് കേവലം ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല. നീതിയ്ക്കും, സ്വാതന്ത്ര്യത്തിനും, സമത്വത്തിനും വേണ്ടി ആളുകൾ പോരാടുന്നത് നമ്മളിലൂടെയാണ്. മുന്നോട്ടുള്ള വഴി ഒരിക്കലും എളുപ്പമുള്ളതല്ല. എങ്കിലും അനുഭവം പറയുന്നു. നമ്മൾ ജയിക്കുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ 85ാമത് പ്ലീനറി യോഗമാണ് റായ്പൂരിൽ പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച യോഗം ഞായറാഴ്ച അവസാനിക്കും.
Discussion about this post