ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്കായി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ നിന്ന് ചില വിചിത്ര ശബ്ദങ്ങളുയര്‍ന്നിരുന്നു. ഇത് വലിയ ആശങ്കകള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ഈ വിചിത്ര ശബ്ദങ്ങളില്‍ വിശദീകരണവുമായി നാസ രംഗത്തുവന്നിരിക്കുകയാണ്. ആ വിചിത്രമായ ശബ്ദങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയവും സ്റ്റാര്‍ലൈനര്‍ പേടകവും തമ്മിലുള്ള ശബ്ദവിന്യാസമാണെന്നാണ് വിശദീകരണം.
ഏകദേശം നാഡീമിടിപ്പിന് സമാനമായ ശബ്ദമായിരുന്നു പേടകത്തില്‍ നിന്ന് പുറത്തുവന്നത്. സുനിതയ്‌ക്കൊപ്പം സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തെത്തിയ ബുഷ് വില്‍മോറാണ് ആദ്യമായി ഈ വിചിത്ര ശബ്ദം കേട്ടതും ഹൂസ്റ്റണിലെ സ്‌പേസ് സെന്ററിലേക്ക് റിപ്പോര്‍ട്ട് ചെയ്തതും.
അതിസങ്കീര്‍ണമായ ശബ്ദ സംവിധാന ശൃംഖലയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേതെന്നും നാസ വ്യക്തമാക്കി. പലവിധത്തിലുള്ള പേടകങ്ങളുമായി ബന്ധിപ്പിക്കാന്‍ പാകത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. അതുകൊണ്ട് തന്നെ ഇത്തരം ശബ്ദങ്ങള്‍ സ്വാഭാവികമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നാസ വ്യക്തമാക്കുന്നു.
ഈ ശബ്ദം ബഹിരാകാശ സഞ്ചാരികള്‍ക്കോ, പേടകത്തിനോ, ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരുതരത്തിലുമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും നാസ പ്രസ്താവനയില്‍ വിശദമാക്കി. നിലവിലെ ശബ്ദം നിര്‍ത്തലാക്കിയെന്നും, ഭാവിയില്‍ ഇത്തരം ശബ്ദങ്ങള്‍ കേട്ടാല്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറണമെന്നും ഇവര്‍ തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
സെപ്റ്റംബര്‍ ഏഴിന് ബഹിരാകാശത്ത് നിന്നും പുറപ്പെടുന്ന സ്റ്റാര്‍ലൈനര്‍ പേടകം ന്യൂമെക്‌സികോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറിലാകും ലാന്‍ഡ് ചെയ്യുക. അതേസമയം പത്ത് ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ വില്‍മോറും സുനിതയും സ്‌പേസ് എക്‌സിന്റെ പേടകത്തില്‍ 2025 ഫെബ്രുവരിയിലാണ് മടങ്ങിവരിക.
Discussion about this post