ബംഗളൂരു: ബിജെപിയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത. കേന്ദ്രസർക്കാരിന്റെ ഭരണത്തിൽ ഇന്ത്യയുടെ കീർത്തി ലോകമെമ്പാടും വർദ്ധിച്ച സാഹചര്യത്തിലാണ് എംപിയുടെ തീരുമാനം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും സുമലത അഭിപ്രായപ്പെട്ടു.
തന്റെ അഭ്യുദയകംക്ഷികളോടും പിന്തുണയ്ക്കുന്നവരോടും ആരെ പിന്തുണയ്ക്കണമെന്നകാര്യത്തിൽ അഭിപ്രായം തേടിയിരുന്നു. ഇതിന് ശേഷം ഒരു തീരുമാനത്തിൽ താൻ എത്തി. ഈ ദിനത്തിൽ തന്റെ എല്ലാ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അദ്ദേഹത്തിന്റെ സർക്കാരിനും നൽകുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തനിക്ക് അതിയായ വിശ്വാസമുണ്ടെന്നും സുമലത വ്യക്തമാക്കി.
മകൻ അഭിഷേക് രാഷ്ട്രീയത്തിലേക്ക് ഇല്ല. തന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിച്ച ശേഷം ചിലപ്പോൾ അതുണ്ടായേക്കാം. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് താൻ എതിരാണെന്നും സുമലത കൂട്ടിച്ചേർത്തു.
നിർമ്മാണം പൂർത്തിയായ 10 വരി മൈസൂരു- ബംഗളൂരു എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി മാണ്ഡ്യയിൽ ഉദ്ഘാടനം ചെയ്യും. ഇതിനിടെയാണ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി രംഗത്ത് വരുന്നത്. അതേസമയം സുമലത പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലോ, അദ്ദേഹത്തിന്റെ മാണ്ഡ്യ സന്ദർശനത്തിന് മുൻപോ ബിജെപിയിൽ ചേർന്നേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Discussion about this post