ന്യൂഡൽഹി; ഗർഭഛിദ്രത്തിന് അനുമതി ചോദിച്ചെത്തിയ 20 കാരിയായ വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ പ്രസവശേഷം ദത്ത് നൽകാൻ അനുമതി നൽകി സുപ്രീംകോടതി. ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരമുളള അസാധാരണ അധികാരം ഉപയോഗിച്ചായിരുന്നു കോടതിയുടെ നടപടി. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ പിഎസ് നരസിംഹ, ജെബി പർദിവാല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
29 ആഴ്ച ഗർഭിണിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. പ്രസവശേഷം കുട്ടിയെ ഒപ്പം നിർത്താൻ ഹർജിക്കാരി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് കോടതി ദത്ത് നൽകാൻ അനുമതി നൽകിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ഡോ. അമിത് മിശ്ര എന്നിവർ ഹർജിക്കാരിയുമായി സംസാരിച്ച് ഈ നിലപാട് കോടതിയിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതി ഇടപെടൽ.
ഗർഭകാലം ഇത്രയും പിന്നിട്ട സാഹചര്യത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഈ നടപടിയാണ് ഉചിതമെന്ന് കോടതി വിലയിരുത്തി. കുട്ടിയെ നോക്കാനാകാതെ വരുമ്പോൾ ദത്ത് നൽകാനുളള താൽപര്യം യുവതിക്ക് അറിയിക്കാം. അതിന് ശേഷം തുടർ നടപടി സ്വീകരിക്കും. യുവതിയുടെ സഹോദരിയോട് കുഞ്ഞിനെ ഏറ്റെടുക്കാനാകുമോയെന്ന് ആരാഞ്ഞതായും എന്നാൽ പല കാരണങ്ങൾ കൊണ്ട് സാധിക്കില്ലെന്ന മറുപടിയാണ് ഇവരിൽ നിന്ന് ലഭിച്ചതെന്നും ഐശ്വര്യ ഭാട്ടി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഇതും കോടതി കണക്കിലെടുത്തു.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുളള ചൈൽഡ് അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മാതാപിതാക്കൾക്ക് കുഞ്ഞിനെ ദത്തെടുക്കാം. യുവതിയുടെ പ്രസവത്തിനുളള മെഡിക്കൽ സൗകര്യങ്ങൾ സൗജന്യമായി ഒരുക്കണമെന്ന് കോടതി എയിംസ് ഡയറക്ടർക്കും നിർദ്ദേശം നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്തുൾപ്പെടെ ഹർജിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പ്രത്യേക നിർദ്ദേശം കോടതി നൽകിയിട്ടുണ്ട്. കോടതിക്ക് മുൻപിൽ ഉരുത്തിരിഞ്ഞ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ആർട്ടിക്കിൾ 142 ന്റെ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Discussion about this post