ധാക്ക: രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്രീന്‍. ആരെ പ്രീതിപ്പെടുത്താനാണോ തന്നെ രാജ്യത്തു നിന്ന് പുറത്താക്കിയത് അതേ ആളുകള്‍ കാരണം ഷെയ്ഖ് ഹസീനയ്ക്ക് ഇന്ന് രാജ്യം വിടേണ്ടി വന്നെന്ന് തസ്ലീമ പ്രതികരിച്ചു.
‘1999 ല്‍ മരണക്കിടക്കയിലായിരുന്ന എന്റെ അമ്മയെ കാണാന്‍ ബംഗ്ലാദേശില്‍ പ്രവേശിച്ചതാണ് ഞാന്‍. അവര്‍ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താന്‍ എന്നെ രാജ്യത്ത് നിന്ന് പുറത്താക്കി, പിന്നീട് ഒരിക്കലും എന്നെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഹസീനയെ ഇപ്പോള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതയാക്കിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും അതേ ഇസ്ലാമിസ്റ്റുകളുണ്ട്’- തസ്മീമ നസ്രീന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
രാജിവെച്ച് രാജ്യം വിടേണ്ടി വന്ന സ്വന്തം അവസ്ഥയ്ക്ക് ഹസീന തന്നെയാണ് ഉത്തരവാദിയെന്നും തസ്ലീമ നസ്രീന്‍ പറഞ്ഞു. ഇസ്ലാമിസ്റ്റുകളെ വളര്‍ത്തി. അഴിമതി ചെയ്യാന്‍ സ്വന്തം ആളുകളെ അനുവദിച്ചു. ബംഗ്ലാദേശ് പാകിസ്ഥാന്‍ പോലെയാകരുത്. സൈന്യം ഭരിക്കാന്‍ പാടില്ല. തസ്ലീമ നസ്രീന്‍ ആവശ്യപ്പെട്ടു.
തസ്ലീമ നസ്രീന്റെ ‘ലജ്ജ’ എന്ന പുസ്തകം ഇസ്ലാമിക വിരുദ്ധമെന്ന ആരോപണമുയര്‍ത്തി ബംഗ്ലാദേശില്‍ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 1993-ല്‍ എഴുതിയ പുസ്തകം ബംഗ്ലാദേശില്‍ നിരോധിക്കപ്പെട്ടെങ്കിലും ലോകമെമ്പാടും ബെസ്റ്റ് സെല്ലറായി.
അതേസമയം, ഷെയ്ഖ് ഹസീന നിലവില്‍ ദില്ലിയിലാണുള്ളത്. ഷെയ്ഖ് ഹ?സീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകും. ദില്ലിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post