ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്ന കൊടും തീവ്രവാദികളെ അജ്ഞാതർ കൊലപ്പെടുത്തുന്നത് തുടർക്കഥയാകുന്നു. ഹിസ്ബുളിന്റെ മുതിർന്ന കമാൻഡറും ഐ.എസ്.ഐയോട് അടുത്ത ബന്ധവുമുള്ള ഭീകരനാണ് കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിൽ ഒരു കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഭീകരനെ പോയിന്റ് ബ്ലാങ്കിലാണ് അജ്ഞാതൻ വെടിവെച്ചു കൊന്നത്.
ഹിസ്ബുൾ മുജാഹിദ്ദീന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ബഷിർ അഹമ്മദ് പീർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ബഷീർ അഹമ്മദ് പീറിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു. കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ ആളും പണവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിൽ ബഷീർ അഹമ്മദ് പീർ പ്രധാന പങ്കു വഹിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പ്രഖ്യാപനം നടത്തിയത്.
കശ്മീരിലെ ബാബർപോര സ്വദേശിയായ ഇയാൾ നിലവിൽ പാകിസ്താനിലാണ് താമസിച്ചിരുന്നത്. റാവൽപിണ്ടി കേന്ദ്രമാക്കിയാണ് ഇയാൾ ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ലഷ്കർ ഇ തോയ്ബ , ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകൾക്ക് വേണ്ടി സൈബർ പ്രവർത്തനങ്ങൾ നടത്തുന്നതിലും ഇയാൾ പ്രധാന പങ്കു വഹിച്ചിരുന്നു. റിക്രൂട്ട്മെന്റും ഭീകര പരിശീലനവും ഒപ്പം ചാവേറുകളുടെ ഏകോപനത്തിന്റെ ചുമതലയും ബഷീർ അഹമ്മദ് പീർ വഹിച്ചിരുന്നു.
2007 ൽ ഇന്ത്യയിലേക്ക് ഭീകരരെ അയച്ചതിന് പാകിസ്താൻ മിലിട്ടറി ഇന്റലിജന്റ്സിന്റെ പിടിയിലായ ഇയാളെ ഐ.എസ്.ഐ ഇടപെട്ട് മോചിപ്പിച്ചിരുന്നു.
Discussion about this post