ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്. ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും. വോട്ടെണ്ണലിനോട് അനുബന്ധിച്ച് അതീവ സുരക്ഷയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്.
വോട്ടെണ്ണനാലുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ആദ്യ മണിക്കൂറുകളിൽ തന്നെ ഫല സൂചനകൾ വന്നു തുടങ്ങും. 60 സീറ്റുകളുള്ള നാഗാലാന്റ് നിയമ സഭയിൽ ബിജെപി-എൻഡിപിപി സഖ്യം അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇത് ബിജെപിയ്ക്ക് വലിയ പ്രതീക്ഷ പകരുന്നുണ്ട്. 38 മുതൽ 48 വരെ സീറ്റുകൾ സഖ്യം നേടുമെന്നാണ് പ്രവചനം. ഇക്കുറി 59 മണ്ഡലത്തിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. അകുലുട്ടോ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെ നേരത്തെ തന്നെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.
മേഘാലയയിൽ ശക്തമായ മത്സരമാണ് ഇക്കുറി. മേഘാലയയിൽ എൻപിപി ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ വീണ്ടും ബിജപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് സാദ്ധ്യത.
ബിജെപിയ്ക്ക് അനുകൂലമായ കാറ്റാന് ത്രിപുരയിൽ വീശുകയെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. 60 അംഗ നിയമസഭയിൽ ഇക്കുറി ബിജെപി ശക്തമായ ഭൂരിപക്ഷം നേടും. 36 മുതൽ 46 സീറ്റുകൾവരെ ബിജെപി നേടാനാണ് സാദ്ധ്യത.








