അങ്കാറ: തുർക്കിയിൽ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കുകിഴക്കൻ ഹതായ് പ്രവിശ്യയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
7.7 കിലോമീറ്റർ വരെ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ഇസ്താംബൂൾ ആസ്ഥാനമായ നിരീക്ഷക ഗ്രൂപ്പ് അറിയിച്ചു. ഫെബ്രുവരി ആറിനുണ്ടായ ഭൂചലനത്തിൽ വ്യാപക നാശം നേരിട്ട പത്ത് പ്രവിശ്യകളിൽ ഒന്നാണ് ഹതായ്. ഇന്ത്യയിൽ നിന്ന് എത്തിയ രക്ഷാദൗത്യസംഘം ഉൾപ്പെടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തിയതും ഈ മേഖലയിലാണ്.
41,000 ത്തിലധികം പേരാണ് ഈ ഭൂചലനത്തിൽ തുർക്കിയിൽ കൊല്ലപ്പെട്ടത്. അന്ന് തന്നെ അൻപതോളം തുടർചലനങ്ങൾ ഈ മേഖലകളിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പ്രകമ്പനം ഉണ്ടായിരിക്കുന്നത്.
അന്നത്തെ ഭൂചലനത്തിന്റെ രക്ഷാപ്രവർത്തനം ഇനിയും പൂർണമായി അവസാനിച്ചിട്ടില്ല. ഒരു ലക്ഷത്തിലധികം കെട്ടിടങ്ങൾ അന്നത്തെ പ്രകമ്പനത്തിൽ തകർന്നതായിട്ടായിരുന്നു തുർക്കി പുറത്തുവിട്ട പ്രാഥമിക കണക്ക്.
Discussion about this post