റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. സുക്മ ജില്ലയിലെ ഭേജി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ദന്തേശ്പുരം വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരം പോലീസ് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് സേനാംഗങ്ങൾ എത്തിയത്.
തുടർന്ന് ഭീകരർക്കായി പരിശോധന ആരംഭിച്ചു. ഇതിനിടെ വനമേഖലയിൽ പതിയിരിക്കുകയായിരുന്ന കമ്യൂണിസ്റ്റ് ഭീകരർ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. മണിക്കൂറുകളോളം സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ നീണ്ടു. ഇതിന് ശേഷം നടത്തിയ തിരച്ചിലിലാണ് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
തലയ്ക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മദ്ഗാം എസ്ഒഎസ് കമാൻഡർ ഗോലാപള്ളി, മറ്റൊരു കമാൻഡറുടെ ഭാര്യ പോഡിയം ഭീമെ എന്നിവരെയാണ് വകവരുത്തിയത് എന്ന് സേനാംഗങ്ങൾ അറിയിച്ചു. പോഡിയം ഭീമെയുടെ തലയ്ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്നും സുരക്ഷാ സേന ഇവരുടെ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇപ്പോഴും പ്രദേശത്ത് കൂടുതൽ ഭീകരർക്കായി പരിശോധന നടത്തിവരികയാണ്.
Discussion about this post