ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ഗോത്ര വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പിക്കാനും ഭാവിതലമുറയ്ക്ക് കൂടുതൽ ബൗദ്ധികവികാസം കൈവരിക്കുന്നതിനുമുളള വഴികൾ തുറന്നിട്ട് ബജറ്റ്. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്കായുളള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ മൂന്ന് വർഷങ്ങൾക്കുളളിൽ 38,800 അദ്ധ്യാപകരെയും സപ്പോർട്ടിംഗ് സ്റ്റാഫുകളെയും നിയമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.
740 ഏകലവ്യ റസിഡൻഷ്യൽ സ്‌കൂളുകളിലായി 3.5 ലക്ഷം ഗോത്ര വിദ്യാർത്ഥികളാണ് വിദ്യാഭ്യാസം നേടുന്നത്. ഇവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുളളതാണ് പ്രഖ്യാപനം.
കുട്ടികൾക്കും കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സജ്ജീകരിക്കും. വിവിധ ഭാഷകളിലും വിവിധ ദേശങ്ങളിലുമുളള നിലവാരമുളള പുസ്തകങ്ങൾ ഭാവിതലമുറയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പഞ്ചായത്തുകളിലും വാർഡ് തലത്തിലും ലൈബ്രറികൾ ആരംഭിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്കും ബജറ്റ് വിഭാവനം ചെയ്യുന്നു. നാഷണൽ ഡിജിറ്റൽ ലൈബ്രറി സംസ്ഥാനൾക്ക് പ്രയോജനപ്പെടുത്താനുളള അവസരവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. അദ്ധ്യാപക പരിശീലനങ്ങൾ ഇന്നൊവേറ്റീവ് രീതികളിലൂടെ പരിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ പരിശീലനത്തിനായുളള ജില്ലാ കേന്ദ്രങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
Discussion about this post