ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ മകൻ ആസാദിന്റെ മരണത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് യുപി സർക്കാർ. ഇതിന്റെ ഭാഗമായി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചു. ഇക്കഴിഞ്ഞ 13 നാണ് ഝാൻസിയിൽവച്ച് യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലിൽ ആസാദ് കൊല്ലപ്പെട്ടത്.
ആസാദിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച യോഗം ചേർന്നിരുന്നു. ഇതിലാണ് ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനമായത്. രണ്ട് അംഗ കമ്മീഷനാണ് അന്വേഷണ ചുമതല. വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ രാജീവ് ലോചൻ മൽഹോത്ര, ഡിജെ വിജയ് കുമാർ ഗുപ്ത എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ ദിവസം അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആസാദിന്റെ മരണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുന്നത്. നിലവിൽ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനാണ് അതീഖ് അഹമ്മദിന്റെ കൊലപാതകത്തിൽ അന്വേഷണം നടത്തുന്നത്.
Discussion about this post