ലക്‌നൗ : ഉത്തർപ്രദേശിലെ ഇരട്ട എൻജിൻ സർക്കാർ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ എത്തിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ആറ് വർഷത്തിനിടെ സാമ്പത്തിക വളർച്ച അവിസ്മരണീയമാണ്. രാജ്യത്തെ മുൻനിര നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി സംസ്ഥാനം മാറിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന് മികച്ച വരുമാനമുണ്ട്. ഫലഭൂയിഷ്ഠമായ ഭൂമിയും, നല്ല ഭരണസംവിധാനവും, ക്രമസമാധാനവും, കാര്യക്ഷമമായ മനുഷ്യശേഷിയുമുണ്ട് ഇവിടെ.
യുപിയുടെ സാധ്യതകൾ തുറന്നുകാട്ടാൻ ആരും ശ്രമിച്ചിട്ടില്ലെന്ന് ആവർത്തിച്ച യോഗി, സംസ്ഥാനത്തിന് കാർഷിക മേഖലയെ പിന്തുണയ്ക്കാനുള്ള കഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് വർഷത്തിനിടെ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ എക്സ്പ്രസ് ഹൈവേകൾ, വിമാനത്താവളങ്ങൾ, മെട്രോകൾ എന്നിവ നിക്ഷേപം ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 10ന് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി സംസ്ഥാനം പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറായിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർ, രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ പ്രമുഖർ, സംരംഭകർ, വ്യവസായ പങ്കാളികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ബിസിനസ് നെറ്റ്വർക്കിംഗിനും മറ്റുമുള്ള വേദിയാകും ഈ ഉച്ചകോടി മാറും.
സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുണ്ടായിരുന്നെങ്കിൽ സാംസങ്, ടിസിഎസ് തുടങ്ങിയ കമ്പനികൾ എന്നേ സംസ്ഥാനം വിടുമായിരുന്നുവെന്ന് യോഗി ആദിത്യനാഥ് പരിഹസിച്ചു. അധികാരത്തിൽ വന്നതിന് ശേഷം താൻ രണ്ട് സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരെ വിളിച്ച് പ്രശ്നം പരിഹരിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസനത്തെ സഹായിക്കുന്നുണ്ടെന്നും യുപിയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ ജിഡിപിയേക്കാൾ കൂടുതലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post