ന്യൂഡൽഹി: റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ വനിതാ ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കും. ജന്തർ മന്ദറിൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങളുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ ചർച്ചയിലാണ് തീരുമാനം. കമ്മറ്റിയിലെ അംഗങ്ങളെ ശനിയാഴ്ച തീരുമാനിക്കും.
നാല് ആഴ്ചകൾക്കുളളിൽ അന്വേഷണം പൂർത്തിയാക്കും. താരങ്ങൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് അനുരാഗ് ഠാക്കൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടാത്തതിന്റെ പേരിൽ മാനസീകമായി പീഡിപ്പിക്കുന്നുവെന്ന് ഉൾപ്പെടെയുളള ആരോപണങ്ങൾ ഉന്നയിച്ചാണ് ഗുസ്തി താരങ്ങൾ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും ആരോപണം ഉണ്ടായിരുന്നു.
പരാതിയിൽ 72 മണിക്കൂറിനുളളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് റെസ് ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് നൽകിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഏഴ് മണിക്കൂറോളം താരങ്ങളുമായി ചർച്ചകൾ നടത്തിയെന്നും അവരുടെ പരാതികൾ വിശദമായി കേട്ടതായും മന്ത്രി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കേണ്ടതുകൊണ്ട് ഫെഡറേഷന്റെ ദൈനംദിന ചുമതലകളിൽ നിന്നും തൽക്കാലികമായി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ മാറ്റി നിർത്തിയതായും മന്ത്രി അറിയിച്ചു.
നേരത്തെ ബോക്‌സിംഗ് താരം മേരി കോം ഉൾപ്പെടെയുളളവരെ അംഗങ്ങളാക്കി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയ്ക്ക് നൽകിയ കത്തിൽ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സമിതി രൂപീകരിച്ചത്. മേരി കോമിനെ കൂടാതെ ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹ്‌ദേവ് യാദവ്, രണ്ട് അഭിഭാഷകർ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Discussion about this post