ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. കന്തി വനമേഖലയിലെ ഗുഹയിൽ ഭീകരർ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു സൈനികർ.
കാന്തി വനമേഖലയിലെത്തിയ സൈനികർക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ സ്‌ഫോടകവസ്തു എറിയുകയായിരുന്നു. പൂഞ്ചിൽ അഞ്ച് സൈനികർ വീരമൃത്യുവരിക്കാനിടയായ ആക്രമണത്തിന് പിന്നിലെ അതേ ഭീകരസംഘമാണ് രജൗറിയിലേതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
അതേസമയം പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. പാറക്കെട്ടുകളും ചെങ്കുത്തായ പാറകളും നിറഞ്ഞ പ്രദേശമായതിനാലാണ് തിരച്ചിൽ ദുഷ്‌കരമായത്. സംഭവസ്ഥലത്തേക്ക് കൂടുതൽ സൈന്യമെത്തുകയും പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രത്യാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരമെങ്കിലും എത്രപേർ വധിക്കപ്പെട്ടുവെന്നതിന് കൃത്യമായ വിവരമില്ല.
രജൗരി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 7.30ന് സൈന്യം സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. സമീപപ്രദേശങ്ങളിൽ നിന്ന് കൂടുതൽ സൈനികരെ രജൗരിയിലേയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Discussion about this post