ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംയുക്ത പ്രതിപക്ഷ കക്ഷികളുടെ സമരത്തില്‍ നിന്ന് കമല്ഹാസന് വിട്ടു നില്ക്കുന്നു. ചെന്നൈയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാറാലിയില്‍ നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്ഹാസന് പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യ പ്രശ്നം ഉള്ളത് കൊണ്ടാണ് കമല്ഹാസന് മഹാറാലിയില്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. പക്ഷേ ഡിഎംകെയുമായി സമരത്തില്‍ കൈകോര്‍ക്കുന്നത് തിരിച്ചടിയാകുമെന്ന ഉപദേശമാണ് കമലിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് അഭ്യൂഹം.
നേരത്തേ ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സംയുക്തമായി നടത്തുന്ന മഹാറാലിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി തനിക്ക് വിദേശത്തേക്ക് പോകണ്ടതുണ്ടെന്ന് കാണിച്ച് കമല്ഹാസന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന് കത്ത് നല്‍കിയിട്ടുണ്ട്.
ഈ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മക്കള്‍ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ പ്രതിഷേധ റാലി മുഴുവനും വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെമ്പാടും പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് ഇത്.
Discussion about this post