ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മിപാർട്ടിക്ക് വീണ്ടും തിരിച്ചടി. പാർട്ടിയുടെ സിറ്റിങ് എംഎല്‍എ ആയ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച്ച ഡൽഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് മനോജ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു മനോജ് കുമാറിന്റെ പാര്‍ട്ടി പ്രവേശനം.
സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു മനോജ് കുമാര്‍. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആംആദ്മിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മനോജ് കുമാര്‍ നടത്തിയത്.
ജനങ്ങള്‍ക്ക് തെറ്റായ സ്വപ്നങ്ങളാണ് അരവിന്ദ് കെജ്രിവാള് കാണിച്ചു കൊടുക്കുന്നതെന്ന് മനോജ് കുമാര്‍ വിമര്‍ശിച്ചു. കോണ്ട്ലിയില്‍ നിന്നുള്ള ആംആദ്മി നിയമസഭാംഗമായിരുന്നു ഇദ്ദേഹം. മനോജ് കുമാറിന് ടിക്കറ്റ് നിഷേധിച്ച ആംആദ്മി കുല്‍ദീപ് കുമാറിനെയാണ് കോണ്ട്ലിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആം ആദ്മി വിടുന്ന നാലാമത്തെ എംഎല്‍എയാണ് മനോജ് കുമാര്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ആംആദ്മി എംഎല്‍എമാര്‍ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു.
ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന് ആദര്‍ശ് ശാസ്ത്രി എന്നിവരാണ് ആംആദ്മിയില്‍ നിന്ന് നേരത്തെ പുറത്തുപോയത്.
സത്യസന്ധതയുള്ള ഒരു പാര്‍ട്ടിയായി നടിക്കുക മാത്രമാണ് ആംആദ്മി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ബസ് ടിക്കറ്റ് സൗജന്യമാക്കുകയൊക്കെ ചെയ്യും. എന്നാല്‍ നിയമസഭാ ടിക്കറ്റിന് 10 കോടി രൂപ ഈടാക്കുകയും ചെയ്യുന്നുവെന്ന വിരോധാഭാസമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും ആദര്‍ശ് ശാസ്ത്രി ആരോപിച്ചു.
അതേസമയം അധികാരം പിടിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ശക്തമായ പ്രചരണമാണ് ഡൽഹിയിൽ ബിജെപി നടത്തുന്നത്. നഗരത്തിലെ എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ടുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഡൽഹിയിലെ എല്ലാ വീടുകളും സന്ദർശിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പ്രദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയതായി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post