രാജന് പി ദേവിന്റെ നാടക ട്രൂപ്പായ ചേര്‍ത്തല ജൂബിലിക്ക് ഇത് രജതജൂബിലി വര്‍ഷം. ഇരുപത്തിയഞ്ചാമത് നാടകവുമായാണ് ഈ വര്‍ഷം ജൂബിലി കാണികളിലേയ്ക്കെത്തുന്നത്. രാജന് പി ദേവിന്റെ മരണശേഷം ആലപ്പി പൊന്നപ്പനാണ് നാടക ട്രൂപ്പിന്റെ നടത്തിപ്പ്.
ആദിത്യമംഗലം ആര്യവൈദ്യശാലയെന്ന നാടകവുമായി 1994 ല്‍ അരങ്ങേറിയ രാജന് പി ദേവിന്റെ ചേര്‍ത്തല ജൂബിലി സമകാലീന വിഷയങ്ങളുമായി യാത്ര തുടരുകയാണ്. ജൂബിലിക്കിത് രജതജൂബിലി വര്‍ഷമാണ്. ഇരുപത്തിയഞ്ചാമത് നാടകം ഈവര്‍ഷം അരങ്ങിലെന്നതാണ് മറ്റൊരു സവിശേഷത. അഞ്ചുവര്‍ഷം മുമ്പ് രാജന് പി ദേവ് ജൂബിലിയെ തനിച്ചാക്കി പോയി. ട്രൂപ്പ് നിന്നുപോകുമെന്ന് സമിതിയിലുള്ളവരടക്കം എല്ലാവരും കരുതി.എന്നാല്‍ ദേവിന്റെ കുടുംബത്തിന് അത് ആലോചിക്കാനേ പറ്റുമായിരുന്നില്ല. സമിതിയുമായി മുന്നോട്ടുപോകണമെന്ന് ട്രൂപ്പിലെ നടനായ ആലപ്പി പൊന്നപ്പനോട് രാജന് പി ദേവിന്റെ ഭാര്യ പറഞ്ഞു. ജൂബിലിയുടെ രണ്ടാംവരവ് അവിടെ നിന്നും ആരംഭിച്ചു. അഞ്ചുവര്‍ഷംകൊണ്ട് മൂന്നുനാടകം പൂര്‍ത്തിയാക്കി. ‘ആക്രി അവറാന് എംഎ’ എന്ന നാടകം രണ്ടുവര്‍ഷമാണ് കളിച്ചത്. ആലപ്പി പൊന്നപ്പന്റെ വീടാണ് നാടക ക്യാംപ്.
രാജന് പി ദേവിന്റെ ചിത്രത്തിനുമുന്നില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ദിവസത്തിന് തുടക്കം. ഞാന്‍ വെറും നടത്തിപ്പുകാരനാണന്നാണ് വീണ്ടും ട്രൂപ്പ് സജീവമായപ്പോള്‍ പൊന്നപ്പന് ഒപ്പമുള്ളവരോട് പറഞ്ഞത്. രാജന് പി ദേവിന്റെ അദൃശ്യ സാന്നിധ്യം ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് ഇവര്‍ക്കിഷ്ടം.
‘അമേരിക്കന്‍ അച്ചായന് ഡീസന്റ് മുക്ക് പിഒ’ എന്ന പുതിയനാടകം രചിച്ചിരിക്കുന്നത് ഫ്രാന്‍സിസ് ടി മാവേലിക്കരയാണ്. ഇരുപതു ദിവസത്തെ റിഹേഴ്സലിനുശേഷം നാടകം അരങ്ങിലേയ്ക്കിറങ്ങാന് തയ്യാറായിക്കഴിഞ്ഞു. ബുക്കിങ് ഏജന്റുമാര്‍ക്കും കഷണിക്കപ്പെട്ട വ്യക്തികള്‍ക്കും പിന്നെ നാട്ടുകാര്‍ക്കും മുന്നില്‍ നാടകം കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. അഞ്ചുലക്ഷത്തോളം രൂപയാണ് നാടകമൊരുക്കാന്‍ ചിലവായത്. 200 സ്റ്റേജുകളില്‍ കളിക്കാന്‍ കഴിയുമന്നാണ് പ്രതീക്ഷ. രാജേട്ടനുള്ളകാലത്ത് വര്‍ഷത്തില്‍ നാനൂറു സ്റ്റേജുവരെ കളിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയുന്നു ജൂബിലിക്കാര്.
Discussion about this post