ഡല്‍ഹി: ലോകം മുന്‍നിര വാക്സിന് നിര്‍മാതാവെന്ന നിലയില്‍ ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് മെെക്രാേസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. വാക്സിന് വികസിപ്പിക്കാനും വികസ്വര രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള ഇന്ത്യയുടെ തീരുമാനം ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ നിര്‍ണ്ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
2021 ആദ്യം ഇന്ത്യയില്‍ നിന്ന് വാക്സിന് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ബില്‍ ഗേറ്റ്സ് വ്യക്തമാക്കി. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിന്റെ ഉത്പാദവും വിതരണവും വേഗത്തിലാക്കാന്‍ ബില്‍ ഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ബില്‍ ആന്‍ഡ് മെലിന്സ ഗേറ്റ്സ് ഫൗണ്ടേഷനും സഹകരിക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ വാക്സിന് ഉത്പാദനം നടക്കുന്നത് ലോകരാജ്യങ്ങള്‍ കാത്തിരിക്കുകയാണ്. അതിനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. വാക്സിന് വികസിപ്പിക്കുന്നതിനായി പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഇന്ത്യയിലെ പുതു തലമുറ കമ്പനികളുമായി പോലും സഹകരിക്കുന്നത് നല്ല കാര്യമാണ്. ഫലപ്രദവും സുരക്ഷിതവുമായ വാക്സിനാവും ഇന്ത്യയില്‍ നിന്ന് പുറത്തുവരികയെന്ന് ബില്‍ ഗേറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.
വാക്സിന് ഉപയോഗ സജ്ജമായാല്‍ ഉടന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും ബില്‍ ഗേറ്റ്സ് വ്യക്തമാക്കി.
Discussion about this post