തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. സാരിയിൽ ടി പി ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് കെ കെ രമ സഭയിലെത്തിയത്.
നിയമസഭയിൽ ആര്.എം.പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സഭയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുകയെന്നും കെ കെ രമ നേരത്തെ അറിയിച്ചിരുന്നു. വടകരയിൽ ഇടത് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ 7,491 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ കെ രമ സഭയിലെത്തിയത്.
2009ൽ സിപിഎം നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് ആർ എം പി സ്ഥാപിച്ച നേതാവായിരുന്നു രമയുടെ ഭർത്താവ് ടി പി ചന്ദ്രശേഖരൻ. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ സി.പി.എം. വിമതരുടെ കൂട്ടായ്മയായ ഇടതുപക്ഷ ഏകോപന സമിതിയ്ക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. അന്ന് 21833വോട്ടുകൾ നേടിയ അദ്ദേഹം സി.പി.ഐ.എം സ്ഥാനാർത്ഥിയുടെ പരാജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടത് മുന്നണിയിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് 2012 മെയ് 4 -ന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടുകയായിരുന്നു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വെച്ച് പാർട്ടി ഗുണ്ടകൾ അദ്ദേഹത്തെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിലെ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കി പാർട്ടി. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനും കുഞ്ഞനന്തനും ഉൾപ്പെടെയുള്ളവർ ശിക്ഷിക്കപ്പെട്ടിരുന്നു.
Discussion about this post