ലക്നൗ: മറ്റ് രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് തന്റെ വീട് ചിട്ടയായി ക്രമീകരിക്കണമെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിഎസ്പി അധ്യക്ഷ മായാവതി. സ്വന്തം വീട് ചിട്ടയായി നോക്കാൻ കഴിയാത്തയാളാണ് ബിഎസ്പിയെ വിമർശിക്കുന്നതെന്നും മായാവതി പറഞ്ഞു.
ബിഎസ്പിക്കെതിരെ അടിസ്ഥാനമില്ലാത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുന്പ് കോണ്ഗ്രസ് നൂറ് പ്രാവശ്യം ചിന്തിക്കണം. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒന്നും ചെയ്യാൻ കഴിയാത്ത പാർട്ടിയാണ് കോണ്ഗ്രസ്. മറ്റുള്ളവരെ വിമർശിക്കുന്നതിന് പകരം സ്വന്തം നിലനിൽപ്പിനെ കുറിച്ചാണ് കോണ്ഗ്രസ് ചിന്തിക്കേണ്ടതെന്ന് മായാവതി പ്രതികരിച്ചു.
രാഹുൽ ഗാന്ധിയെ പോലെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്നവരല്ല ബിഎസ്പി നേതാക്കൾ. അന്വേഷണ ഏജൻസികളെ തനിക്ക് ഭയമാണെന്ന് രാജീവ് ഗാന്ധി ആരോപിച്ചിരുന്നുവെന്നും ഇപ്പോൾ പ്രിയങ്ക ഗാന്ധിയും അത് ആവർത്തിക്കുകയാണെന്നും മായാവതി പരിഹസിച്ചു.
ബിജെപിക്കെതിരെ ജയിക്കാൻ സാധിക്കാത്തവർ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുകയാണ്. അധികാരത്തിൽ ഇരിക്കുന്പോഴും പുറത്തായപ്പോഴും അവർ ജനത്തിന് വേണ്ടി ഒന്നും ചെയതിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.
Discussion about this post