തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന് ആണ് വരന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപിയും ഭാര്യയും, ഗായകൻ ജി വേണുഗോപാലും ഭാര്യയും തുടങ്ങി നിരവധി പേർ പങ്കെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ അടുപ്പമുള്ളവർക്ക് മാത്രമാണ് ചടങ്ങിന് ക്ഷണമുണ്ടായിരുന്നത്.
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരമെന്ന് മഞ്ജരി നേരത്തേ അറിയിച്ചിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം മസ്ക്കത്തിൽ ആയിരുന്നു മഞ്ജരിയുടെ കുട്ടിക്കാലം. പ്രാഥമിക വിദ്യാഭ്യാസം അവിടെ തന്നെയായിരുന്നു. മസ്ക്കത്തിൽ വച്ച് ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.
ബംഗലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. ഇന്നലെ രാവിലെയാണ് വിവാഹിതയാകാൻ പോകുന്ന വാർത്ത മഞ്ജരി വെളിപ്പെടുത്തിയത്. തുടർന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാ പ്രവാഹമായിരുന്നു. വിവാഹ വാര്‍ത്തയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവച്ചിരുന്നു.
Discussion about this post