കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ നമ്മുടെ രാജ്യത്ത് ഉണ്ടായ രാഷ്ട്രീയ സാഹചര്യം അൽപ്പം വ്യത്യസ്തമായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ സഖ്യങ്ങളിൽ ഏർപ്പെടുക സ്വാഭാവികമാണെങ്കിലും ഒരു പാർട്ടിയ്‌ക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നത് പുതുമയായിരിക്കും. ഈ പുത്തൻ കാഴ്ചയ്ക്കായിരുന്നു നമ്മുടെ രാജ്യം സാക്ഷിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിനെ താഴെയിറക്കാൻ ഇൻഡി എന്ന പേരിലാണ് പ്രതിപക്ഷം ഒന്നിച്ചത്.
ബിജെപിയെ പുറത്താക്കി രാജ്യത്തെ തിരിച്ചു പിടിക്കുമെന്ന് കൊട്ടിഘോഷിച്ചു കൊണ്ടായിരുന്നു ഇൻഡി സഖ്യത്തിന്റെ രൂപീകരണം. തിരഞ്ഞെടുപ്പ് വേദികളിലെല്ലാം തങ്ങൾ അധികാരത്തിൽവരുമെന്ന് കോൺഗ്രസും, സിപിഎമ്മും, ആംആദ്മിയും, എസ്പിയും ഉൾപ്പെടുന്ന ഇൻഡി സഖ്യം കൊട്ടിഘോഷിച്ചിരുന്നു. എന്നാൽ, ഈ സഖ്യം അധികകാലം നിലനിൽക്കില്ലെന്നാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറയുന്നത്.
കോൺഗ്രസുമായി അധികകാലം സഖ്യത്തിനില്ലെന്നാണ് അരവിന്ദ് കെജ്രിവാൾ ഇപ്പോൾ പറയുന്നത്. ദേശീയ മാദ്ധ്യമയായ ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കെജ്രിവാളിന്റെ പരാമർശം. കോൺഗ്രസുമായുള്ള ബന്ധം എഎപി അധികകാലം തുടരില്ലെന്ന് പറയുന്ന കെജ്രിവാൾ, ബിജെപിയെ തോൽപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ ഒന്നിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പരാമർശത്തിൽ നിന്നും തന്നെ ഇൻഡി സഖ്യത്തിന്റെ ലക്ഷ്യം ജനവേസനമല്ല, മറിച്ച് അധികാരം മാത്രമാണെന്ന് തെളിയുകയാണ്.
ഇൻഡി എന്ന പേരിൽ സഖ്യം രൂപീകരിക്കാൻ മുൻകൈ എടുത്തതും ചർച്ചകൾക്ക് നേതൃത്വം നൽകിയതും രാഹുൽ ഗാന്ധി ആയിരുന്നു. പ്രധാനമന്ത്രി പദത്തിൽ കണ്ണുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ഈ നീക്കം. എന്നാൽ, തുടക്കം മുതൽ തന്നെ രാഹുലിന്റെ ഈ ആഗ്രഹം നടക്കില്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും ഇൻഡി നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജയിച്ചാലും തോറ്റാലും ഇൻഡി സഖ്യം തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
പല ചേരികളിലായി നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളെ ബിജെപി വിരുദ്ധ വികാരം മാത്രമാണ് ഒന്നിച്ച് നിർത്തുന്ന ഏക ഘടകം. ആയതിനാൽ തിരഞ്ഞെടുപ്പിൽ തോറ്റാൽ സഖ്യത്തിൽ നിന്നും വേർപെട്ട് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ എല്ലാവരും സ്വന്തം ചേരികളിൽ തുടരും. ഇനി ജയിച്ചാൽ തന്നെ സഖ്യത്തിനുള്ളിൽ പദവികളുടെ പേരിൽ രൂക്ഷമായ തർക്കമുണ്ടാകും. ഈ തർക്കങ്ങൾ ഇൻഡിയുടെ പിളർപ്പിലേക്കാകും വഴിവയ്ക്കുകയെന്നും രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.
ഇൻഡി സഖ്യം രൂപീകരിച്ചതിന് പിന്നാലെ തന്നെ നേതാക്കൾക്കിടയിൽ വലിയ അതൃപ്തി ഉയർന്നുവന്നിരുന്നു. ഡൽഹിയിലെ മദ്യ നയ അഴിമതിയിൽ ആദ്യം പ്രതിഷേധവുമായി രംഗത്ത് എത്തിയ കോൺഗ്രസ് ഇന്ന് അവർക്കൊപ്പം ചേർന്ന് മത്സരിക്കുന്നു. ഇതേസമയം, പഞ്ചാബിൽ ആംആദ്മിയും കോൺഗ്രസും ശത്രു പാളയങ്ങളിലാണ്. കേരളത്തിലും സമാന രാഷ്ട്രീയ സാഹചര്യമാണ്. ഇൻഡി സഖ്യകക്ഷികളായ കോൺഗ്രസും സിപിഎമ്മും ഇരു ചേരികളിലാണ് മത്സരിക്കുന്നത്.
എന്നാൽ, ജനമനസ്സിലെ സ്വാധീനം കൊണ്ട് കരുത്താർജ്ജിച്ച ബിജെപിയെ തോൽപ്പിക്കുക എളുപ്പമല്ലെന്ന യാഥാർത്ഥ്യ ബോദ്ധ്യവും അരവിന്ദ് കെജ്രിവാളിനുണ്ട്. ജൂൺ നാലിന് അത്ഭുതം നടക്കുമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും കോൺഗ്രസുമായി അധികകാലം സഖ്യത്തിനില്ലെന്ന പരാമർശം തോൽവി മുൻകൂട്ടി കണ്ടുള്ള മുൻകൂർ ജാമ്യമായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post