ന്യൂഡൽഹി: ഗുജറാത്തിൽ പ്രതാപം നിലനിർത്താനുളള തയ്യാറെടുപ്പിലാണ് ബിജെപി. 160 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയ ഹർദ്ദിക് പട്ടേൽ വിരാംഗം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്ലോദിയയിൽ നിന്നും ജനവിധി തേടും.
പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഡൽഹിയിൽ യോഗം ചേർന്ന ശേഷമാണ് പട്ടിക പുറത്തുവിട്ടത്. 14 വനിതകളും പട്ടികജാതി വിഭാഗത്തിൽ പെട്ട 13 പേരും പട്ടികവർഗ വിഭാഗത്തിൽപെട്ട 24 പേരും ഉൾപ്പെടുന്നതാണ് ബിജെപി പുറത്തുവിട്ട പട്ടിക. 68 സിറ്റിങ് എംഎൽഎമാർ വീണ്ടും ജനവിധി തേടും. 38 പേരെ ഒഴിവാക്കി.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയെ ആണ് ജംനാഗർ നോർത്ത് മണ്ഡലത്തിൽ ബിജെപി ഇറക്കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി ഹർഷ് സൻഗാവി മജൂര മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ക്യാബിനറ്റ് മന്ത്രിമാരായ റുഷികേശ് പട്ടേൽ, ജിതു വാഗണി, ജഗ്ദീഷ് വിശ്വകർമ്മ, കാനു ദേശായി, കിരിത് സിൻഹ് റാണ, പൂർണേഷ് മോദി തുടങ്ങിയവർ സ്വന്തം മണ്ഡലങ്ങളിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും.
ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ ഒന്നിന് 89 സീറ്റുകളിലും അഞ്ചിന് 93 സീറ്റുകളിലുമാണ് വിധിയെഴുത്ത്.
Discussion about this post