കണ്ണൂർ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം അവഹേളിക്കുന്നതിന് പകരം സിപിഎം നേതൃത്വം പി. ജയരാജന് വേണ്ടി പ്രത്യേക ക്ഷേത്രം പണിയുന്നതാണ് ഉചിതമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. അവിടെ എം.വി. ഗോവിന്ദനെയും പിണറായിയെയും പൂജാരിയായും തന്ത്രിയായും നിശ്ചയിക്കുകയും ചെയ്യാമെന്നും ഹരിദാസ് പരിഹസിച്ചു.
കഴിഞ്ഞ ദിവസം പുല്ല്യോട്ട് നടന്ന കലശ ഘോഷയാത്രയില്‍ ചെഗുവേരയുടെയും പി. ജയരാജന്റെയും ഫോട്ടോ വെച്ച് കലശം വികൃതമാക്കിയത് സാധാരണ ഹിന്ദുവിന്റെ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും വിശ്വാസങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഇത്രമാത്രം അപമാനിക്കപ്പെടാന്‍ മാത്രം എന്ത് ദ്രോഹമാണ് ഹൈന്ദവ സമൂഹം സിപിഎമ്മിനോട് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആദ്യത്തേതല്ല. നേരത്തെ കണ്ണൂര്‍ തളാപ്പില്‍ ഭഗവാന് ശ്രീകൃഷ്ണനും അര്‍ജ്ജുനനും പകരം പിണറായിയുടെയും പി. ജയരാജന്റെയും ചിത്രങ്ങള്‍ സ്ഥാപിച്ച സംഭവമുണ്ടായിട്ടുണ്ട്. ലോകം മുഴുവന്‍ ആരാധിക്കുന്ന ഗുരുദേവനെ കുരിശില്‍ തറച്ച് പ്രദര്‍ശിപ്പിച്ച സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം കേരളീയ സമൂഹം ഇതുവരെ മറന്നിട്ടില്ല.
ഹൈന്ദവ ആചാര്യന്മാരെയും ആചാരങ്ങളെയും നിരന്തരമായി അവഹേളിക്കുകയും വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചെയ്യുന്ന ഇത്തരം പേക്കൂത്തുകള്‍ തലമുറകളായി ഹൈന്ദവ സമൂഹം നെഞ്ചേറ്റിയ വിശ്വസങ്ങളെ അവഹേളിച്ച് കൊണ്ടാകരുത്.
ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി പൊതുസമൂഹത്തില്‍ നില്ക്കാന് സാധിക്കാത്തവരാണ് അനുയായികളുടെ സഹായത്തോടെ കുറുക്കു വഴി തേടുന്നത്. എന്നാല്‍ അത് ഹൈന്ദവ സമൂഹത്തിന്റെ നെഞ്ചത്ത് ചവിട്ടിയാകരുതെന്നും എൻ ഹരിദാസ് പറഞ്ഞു.
Discussion about this post