വിക്കിപീഡിയ ലേഖനങ്ങളിലെ നിലവാരമില്ലാത്ത തിരുത്തലുകള്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്(എ.ഐ) വരുന്നു. ഇതിനായുള്ള സോഫ്റ്റ്വേര്‍ ടൂള്‍ വിക്കിപീഡിയ അവതരിപ്പിച്ചു.
ഒബ്ജക്ടീവ് റിവിഷന്‍ ഇവാല്യുവേഷന് സര്‍വീസ്’ സോഫ്റ്റ്വെയര് എന്ന ടൂളാണ് വിക്കീപിഡിയയിലെ എഡിറ്റിങിന്റെ നിലവാരം തിരിച്ചറിയാന്‍ സഹായിക്കുക. ഭാഷ, സന്ദര്‍ഭം ഇവയുടെ അടിസ്ഥാനത്തില്‍ ലേഖനത്തില്‍ നടത്തുന്ന തിരുത്തലുകളുടെ ഗുണമേന്മ തിരിച്ചറിയാന്‍ സഹായിക്കുന്ന ടൂളാണിത്.
തിരുത്തലുകള്‍ എത്രത്തോളം കുഴപ്പംപിടിച്ചതാണെന്ന് പെട്ടെന്ന് പരിശോധിക്കാന്‍ വിക്കിപീഡിയ എഡിറ്റര്‍മാര്‍ക്കും സാധാരണ വിക്കി യൂസര്‍മാര്‍ക്കും പുതിയ ടൂള്‍ അവസരമൊരുക്കുന്നു. തിരുത്തുകളുടെ പ്രളയത്തില്‍ അടിയന്തര ചികിത്സ ആവശ്യമുള്ളവ ഏതെന്ന് എഡിറ്റര്‍മാര്‍ക്ക് വേഗം തിരിച്ചറിയാനും, ജാഗ്രതയോടെ പുനപ്പരിശോധിക്കാനും ഇത് സഹായിക്കുമെന്ന്, വിക്കിമീഡിയ ഫൗണ്ടേഷന് ബ്ലോഗില്‍ പറഞ്ഞു.
ലോകമെങ്ങുമുള്ള പ്രവര്‍ത്തകര്‍ വിക്കിപീഡിയ ലേഖനങ്ങളില്‍ ദിനംപ്രതി അഞ്ചുലക്ഷം തിരുത്തലുകള്‍ നടത്താറുണ്ടെന്നാണ് കണക്ക്. ആളുകള്‍ ചേര്‍ക്കുന്ന വസ്തുതകള്‍ ശരിയാണോ എന്നല്ല ഈ ടൂള്‍ പരിശോധിക്കുക. കാരണം, വസ്തുതാ പരിശോധന വളരെയേറെ വിഷമം പിടിച്ച പണിയാണ്. അതിന് പകരം എഡിറ്റിങിന്റെ ഗുണനിലവാരമാണ് പരിശോധിക്കുക. ഇത് വിക്കിപീഡിയയെ ഏറെ സഹായിക്കുമെന്നും സസക്സ് സര്‍വകലാശാലയിലെ വിദഗ്ധന്‍ ഡോ.ജോണ്‍ കരോള്‍ ബിബിസി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post