സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ സാങ്കേതികവിദ്യകള്‍ വിനാശകാരികളായി മാറുമെന്ന മുന്നറിയിപ്പുമായി ചാറ്റ്ജിപിടിയുടെ സ്രഷ്ടാവും ഓപ്പണ്‍എഐ കമ്പനിയുടെ സിഇഒയുമായ സാം ഓള്ട്ട്മാന്. നിയന്ത്രിച്ചില്ലെങ്കില്‍ ചാറ്റ്ജിപിടി തന്നെ അപകടകാരിയാണെന്നും എഐ ചാറ്റ്ബോട്ടിനെ ഭയക്കുന്നതായും ഒന്നിലധികം തവണ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യയില്‍ വന്നപ്പോള്‍, ചാറ്റ്ജിപിടി നല്കുന്ന എല്ലാ ഉത്തരങ്ങളെയും വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എഐ ടൂളായ ചാറ്റ്ജിപിടിക്ക് പരിമിതികള്‍ ഉണ്ടെന്നും എല്ലാം തികഞ്ഞതല്ല അതെന്നും സാം പറഞ്ഞു. അതേസമയം, 2022 നവംബറില്‍ പുറത്തിറങ്ങിയതിന് ശേഷം ചാറ്റ്ജിപിടി ഏറെ മെച്ചപ്പെട്ടതായും കൂടുതല്‍ കാര്യക്ഷമമായിക്കൊണ്ടിരിക്കുകയാണെന്നും സാം അവകാശപ്പെട്ടു.
ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകളുടെ അതിവേഗ വളര്‍ച്ച ടെക്കികള്‍ ഉള്‍പ്പെടെ നിരവധിപേരെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഭാവിയില്‍ തൊഴില്‍രംഗത്ത് എഐ മനുഷ്യര്‍ക്ക് പകരമായി മാറുമോ എന്ന ആശങ്കയാണ് മിക്കവര്‍ക്കും ഉള്ളത്. ചില മേഖലകളില്‍ ഇതിനോടകം തന്നെ എഐ മനുഷ്യരെ തുടച്ചുനീക്കിക്കഴിഞ്ഞു. എഐ മനുഷ്യര്‍ക്ക് പകരമാകില്ലെന്നും അതേസമയം സഹായമായി മാറുമെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ സാങ്കേതികവിദ്യ കാരണം തീര്‍ച്ചയായും തൊഴിലുകള്‍ ഇല്ലാതാകുമെന്നാണ് സാം ഓള്ട്ട്മാന് പറയുന്നത്.
കഴിഞ്ഞിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മനുഷ്യരില്‍ എഐയുടെ സ്വാധീനം പോസിറ്റീവ് ആയിരിക്കില്ലെന്ന് സാം പറഞ്ഞത്. എഐ ഉപയോഗിച്ച് ജോലി ചെയ്യുന്നവര്‍ ഈ സാങ്കേതികവിദ്യ തങ്ങള്ക്കൊരിക്കിലും ഭീഷണിയാകില്ലെന്നും മനുഷ്യന് നല്ലതുമാത്രമേ അതുചെയ്യുകയുള്ളുവെന്നും കരുതുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ത്ഥ്യമെന്നും തൊഴിലുകള്‍ തീര്‍ച്ചയായും ഇല്ലാതാകുമെന്നും സാം പറഞ്ഞു. ചാറ്റ്ജിപിടിയേക്കാള്‍ ശേഷിയുള്ള സാങ്കേതികവിദ്യയ്ക്ക് ഓപ്പണ്‍ ഐഎ രൂപം നല്കിയേനെ എന്നും എന്നാല്‍ ജനങ്ങള്‍ അത്തരമൊരു കണ്ടുപിടിത്തത്തിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ മാസം ഇന്ത്യയില്‍ വന്നപ്പോഴും സാം എഐ കാരണം തൊഴിലുകള്‍ ഇല്ലാതാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എഐ മൂലം ചില ജോലികള്‍ ഇല്ലാതാകുമെന്നും എന്നാല്‍ മറ്റുചിലത് സൃഷ്ടിക്കപ്പെടുമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.
Discussion about this post