മുംബൈ: പുതുവർഷത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പുത്തൻ ഓഫറുകളുമായി സജീവമാണ് ജിയോ. ആ നിരയിലേക്ക് ഇപ്പോഴിതാ പുതിയ നെറ്റ് വർക്ക് കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഡൗൺലോഡ് വേഗത സെക്കൻഡിൽ 10 ജിബി വരെ ലഭിക്കുന്ന 5.5ജി നെറ്റ് വർക്കാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 5ജി നെറ്റ്വവർക്ക് കൂടുതൽ മെച്ചപ്പെടുത്തിയ വേർഷനാണ് 5.5ജി. വൺപ്ലസ് 13 സിരീസ് ഫോണുകളാണ് രാജ്യത്ത് ജിയോയുടെ 5.5ജി ടെക്‌നോളജി സപ്പോർട്ട് ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോണുകൾ. സെക്കൻഡിൽ 1 ജിബി വരെയാണ് അപ്ലോഡിംഗ് വേഗം. കുറഞ്ഞ ലാറ്റൻസിയിൽ പ്രവർത്തിക്കുന്ന ഈ നെറ്റ്വർക്ക് സുസ്ഥിരമായ കണക്റ്റിവിറ്റി ഉപഭോക്താക്കൾക്ക് നൽകുമെന്ന് ജിയോ അവകാശപ്പെടുന്നു. വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയവയിൽ മികച്ച അനുഭവം 5.5ജി നൽകുമെന്നും ജിയോ പറയുന്നു.
ഇത് കൂടാതെ ജിയോഎയർഫൈബർ,ജിയോ ഫൈബർ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് പുതിയ ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അർഹരായ ഉപയോക്താക്കൾക്ക് രണ്ട് വർഷത്തേക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.888 രൂപ മുതൽ 3499 രൂപ വരെയുള്ള പോസ്റ്റ്പെയ്ഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉള്ളവർക്കാണ് ജിയോ ഈ ഓഫർ വച്ചുനീട്ടിയിരിക്കുന്നത്
പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാമെന്നതാണ് പ്രീമിയം സബ്സ്‌ക്രിപ്ഷൻറെ ഏറ്റവും വലിയ നേട്ടം. ഇതിന് പുറമെ ഓഫ്ലൈൻ കാഴ്ചയ്ക്കായി വീഡിയോ ഡൗൺലോഡ് സൗകര്യം, സ്‌ക്രീൻ മിനിമൈസ് ചെയ്തുകൊണ്ട് കാണാനുള്ള ബാക്ക്ഗ്രൗണ്ട് പ്ലേ സംവിധാനം, യൂട്യൂബ് മ്യൂസിക് പ്രീമിയത്തിലേക്കുള്ള പ്രവേശനം എന്നിവ യൂട്യൂബ് പ്രീമിയം ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഫീച്ചറുകളാണ്.
Discussion about this post