ഇൻഡോർ: മൃദു ഹിന്ദുത്വം കോൺഗ്രസിന്റെ നയമാണെന്ന് മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെ സഹോദരനും കോൺഗ്രസ് എം എൽ എയുമായ ലക്ഷ്മൺ സിംഗ്. കഴിഞ്ഞ മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ നയം സ്വീകരിച്ച് വിജയിപ്പിച്ചതാണെന്നും ലക്ഷ്മൺ സിംഗ് പറഞ്ഞു.
ഹിന്ദുത്വം സ്വീകരിക്കുന്നതിൽ തെറ്റില്ല. മറ്റുള്ള മതങ്ങളെ ബഹുമാനിക്കുക കൂടി ചെയ്താൽ മതിയെന്നും ലക്ഷ്മൺ സിംഗ് കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസിന്റെ സീസണൽ ഹിന്ദുത്വ നയത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ഹിന്ദുത്വ ബോധമുണ്ടാകുന്നതെന്ന് ബിജെപി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു.
ബിജെപിയെ സംബന്ധച്ച് എല്ലാ കാലങ്ങളിലും ഹിന്ദുത്വം പാർട്ടി നയത്തിന്റെ ഭാഗമാണ്. വേനൽക്കാല ഹിന്ദുത്വം, ശൈത്യകാല ഹിന്ദുത്വം എന്നിങ്ങനെയുള്ള കാഴ്ചപ്പാട് തങ്ങൾക്ക് ഇല്ല. മൃദു ഹിന്ദുത്വം, കഠിന ഹിന്ദുത്വം തുടങ്ങിയ ഏർപ്പാടും തങ്ങൾക്ക് ഇല്ല. തങ്ങൾക്ക് ആസേതു ഹിമാചലം ഒരു ഹിന്ദുത്വമേ ഉള്ളൂ. അത് ദേശീയതയെ ശക്തിപ്പെടുത്തുന്ന ഹിന്ദുത്വമാണെന്ന് രജനീഷ് അഗർവാൾ വ്യക്തമാക്കി.
രാജ്യത്തിന് അപകടകരമായ മുസ്ലീം പ്രീണന നയവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് കോൺഗ്രസിന്റെ കൈയ്യിലിരിപ്പ്. കോൺഗ്രസ് എല്ലാ കാലവും ഹിന്ദുക്കളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവരുടെ ഹിന്ദുത്വം തിരഞ്ഞെടുപ്പ് ഹിന്ദുത്വമാണ്. അത് ജനങ്ങൾ കൃത്യമായി പൊളിച്ചടുക്കുന്നുണ്ടെന്നും ബിജെപി വക്താവ് കൂട്ടിച്ചേർത്തു.
Discussion about this post