മൂവാറ്റുപുഴ: ഓണാഘോഷത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബിവ്കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ ബിവറേജസിലെ ജീവനക്കാർക്കെതിരെയാണ് കേസ്. മദ്യപിച്ച സ്കൂൾ വിദ്യാർത്ഥികളിൽ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ കിടന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് നടപടി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയതിന് അബ്കാരി നിയമപ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.
നാല് വിദ്യാർത്ഥികൾ മൂവാറ്റുപുഴ ജനതാ കടവിൽ നിൽക്കുന്ന വീഡിയോയാണ് നദിയുടെ അക്കരെ നിന്നും ഒരു സ്ത്രീ പകർത്തിയത്. ഇതിൽ ഒരാൾ പടവിൽ നിന്നും പുഴയിലേക്ക് വീണു കിടക്കുന്ന രീതിയിലായിരുന്നു. എന്ത് പറ്റിയതാ എന്ന് ചോദിക്കുമ്പോൾ അടിച്ചു പൂസായതാ എന്നാണ് കുട്ടികൾ പറഞ്ഞത്. ഏത് സ്കൂളിലാണ് എന്ന് ചോദിച്ചെങ്കിലും കുട്ടികൾ മറുപടി നൽകിയിരുന്നില്ല.
ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വന്നതോടെ വിമർശനങ്ങൾ ഉയർന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. വിദ്യാർത്ഥികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ മദ്യം സഹപാഠികളിൽ ഒരാളാണ് നൽകിയതെന്നാണ് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്യം വാങ്ങിയത് മൂവാറ്റുപുഴ ബിവറേജിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു.
കൂടുതൽ തെളിവിനായി ബിവറേജസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. സ്കൂൾ യൂണിഫോമിൽ വരുന്ന കുട്ടികൾക്ക് മദ്യം നൽകരുതെന്ന് കർശന നിർദ്ദേശം നിലനിൽക്കെയാണ് വിദ്യാർത്ഥികൾക്ക് മദ്യം ലഭിച്ചത്.
Discussion about this post