കശ്മീർ: കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷവും കശ്മീരിൽ തീവ്രവാദത്തിന് അനുകൂല സാഹചര്യം ഒരുങ്ങാത്തതിൽ തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെ അതൃപ്തി അറിയിച്ച് പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ). ഐഎസ്ഐയിൽ നിന്ന് സലാഹുദ്ദീന് വധഭീഷണിയും ഉണ്ട്. തങ്ങൾ ഉദ്ദേശിച്ച രീതിയിൽ കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സലാഹുദ്ദീന്റെ സഹായം തേടിയിട്ടും അത് നടക്കാതെ വന്നതോടെയാണ് വധഭീഷണി. കശ്മീരിൽ ജി20 ഉൾപ്പെടെ വിജയകരമായി നടത്തിയതാണ് ഐഎസ്ഐയെ വീണ്ടും ചൊടിപ്പിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ സുരക്ഷാ സേന പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തീവ്രവാദത്തിന് വലിയ രീതിയിൽ തടയിടാനായിരുന്നു. കശ്മീർ താഴ്വരയിൽ പാകിസ്താന്റെ കടന്നു കയറ്റത്തിനും ഇതോടെ അറുതിയായി. പ്രദേശത്ത് ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സയ്യിദ് സലാഹുദ്ദീന്റെ സഹായം ഐഎസ്ഐ തേടിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെ ഹിസ്ബുൾ കമാൻഡർ അമീർ ഖാന് ചുമതല കൈമാറണമെന്ന് അടുത്തിടെ നടന്ന യോഗത്തിൽ ഐഎസ്ഐ സലാഹുദ്ദീനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നം ഇത് കൂടുതൽ വഷളാക്കി.
ഹിസ്ബുൾ മുജാഹിദ്ദീന് നൽകി വന്നിരുന്ന സാമ്പത്തിക സഹായം ഐഎസ്ഐ നിർത്തിയതായും ഇസ്ളാമാബാദിൽ ഭീകരസംഘടനയ്ക്കുള്ള ഓഫീസ് വിൽക്കുന്നതായും പാകിസ്താനിലെ പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സലാഹുദ്ദീന് ഐഎസ്ഐയിൽ നിന്ന് വധഭീഷണി ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെ സലാഹുദ്ദീൻ തന്റെ സുരക്ഷാ ഗാർഡിലെ അംഗങ്ങളുടെ എണ്ണം കൂട്ടിയിരുന്നു. ഐഎസ്ഐക്കെതിരെ നീങ്ങാൻ പാക് അധിനിവേശ കശ്മീരിലെ നേതാവായ രാജാ ഫാറൂഖ് ഹൈദർ ഉൾപ്പെടെ ഉള്ളവരെ സലാഹുദ്ദീൻ സന്ദർശിച്ചിരുന്നു.
Discussion about this post